സൗദിയില്‍ സ്വദേശി വനിതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കുന്നു

സൗദി അറേബ്യയിലെ വിമാന കമ്പനികള്‍ സ്വദേശി വനിതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കുന്നു. സ്വകാര്യ വിമാന കമ്പനിയായ ഫ്ളൈ നാസ് വനിതകളെ നിയമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുവായിരത്തിലധികം അപേക്ഷകളാണ് 24 മണിക്കൂറിനകം ലഭിച്ചതെന്ന് ഫ്ളൈ നാസ് അറിയിച്ചു.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ സ്വദേശി വനതകളെ എയര്‍ ഹോസ്റ്റസുമാരായി നിയമിക്കാനാണ് നാസ് എയര്‍ ആലോചിക്കുന്നത്. എയര്‍ ഹോസ്റ്റസുമാരായി ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി അപേക്ഷ  ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം 3000 അപേക്ഷകളാണ് ലഭിച്ചതെന്ന് ഫ്ളൈ നാസ് വക്താവ് അഹമദ് അല്‍ മുസൈനിദ് പറഞ്ഞു. ‌രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് എയര്‍ ഹോസ്റ്റസുമാര്‍ക്ക് ജോലി സമയം നിശ്ചയിച്ചിട്ടുളളത്. ജോലി കഴിഞ്ഞാല്‍ താമസിക്കുന്ന പ്രവിശ്യയില്‍ തന്നെ ഇവര്‍ക്ക് മടങ്ങിയെത്താന്‍ കഴിയുന്ന വിധം ഡ്യൂട്ടി ക്രമീകരിക്കും. 30 വയസില്‍ താഴെ പ്രായമുളള യുവതികള്‍ക്ക് പരിശീലനം നല്‍കിയതിന് ശേഷം നിയമനം നല്‍കും. സ്വദേശി വനിതകളെ പൈലറ്റ്, എയര്‍ ഹോസ്റ്റസ് തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ച സൗദിയിലെ ആദ്യ വിമാന കമ്പനിയാണ് ഫ്ളൈ നാസ്.