മനാമ: ബഹ്റൈനിലേക്കുള്ള വിസാനിരക്കില്‍ വന്‍ വെട്ടിച്ചുരുക്കല്‍. 2020 ജനുവരി മുതല്‍ 50 ശതമാനത്തോളം കുറവ് തുകയേ രാജ്യത്തേക്കുള്ള പ്രീ എന്‍ട്രി വിസയ്ക്ക് നല്‍കേണ്ടതുള്ളൂ. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സന്ദര്‍ശ്ശകരെ എത്തിക്കാനുള്ള നടപടികളുടെ ഭാഗമാണിത്.
85 ബഹ്റൈന്‍ ദിനാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി 40 ദിനാര്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കുള്ള വിസയുടെ നിരക്ക് 170 ബഹ്റൈന്‍ ദിനാറില്‍ നിന്ന് 60 ആക്കിയിട്ടുണ്ട്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നടത്തിവരുന്ന നിരവധി പരിപാടികളുടെ ഭാഗമാണ് ഇതും. കഴിഞ്ഞയാഴ്ചയാണ് മനാമയെ 2020 ലെ അറബ് ടൂറിസത്തിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. പുതിയ പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം 71 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ഇല്ലാതെ ബഹ്റൈനില്‍ പ്രവേശിക്കാം.