സയൻസ് ഇന്ത്യാ ഫോറം ‘ശാസ്ത്ര പ്രതിഭകളായി’ മൂന്ന് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ

മനാമ: ഇന്ത്യൻ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ സയൻസ് ഇന്ത്യ ഫോറം നൽകുന്ന ശാസ്ത്ര പ്രതിഭ സർട്ടിഫിക്കറ്റിനു അർഹരായി. ഇന്ത്യൻ സ്‌കൂൾ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന സയൻസ് ഇന്ത്യ ഫോറം അവാർഡ് ദാന ചടങ്ങിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അരിത്രോ ഘോഷ്, പത്താം ക്ലാസ് വിദ്യാർത്ഥികളായ ബാല ശ്രീവാസ്തവ് യെരാമിലി, കാർത്തിക സുരേഷ് എന്നിവർ ശാസ്ത്ര പ്രതിഭ സർട്ടിഫിക്കറ്റും മെമന്റോയുംഏറ്റുവാങ്ങി.

ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ 7 സ്‌കൂളുകളിൽ നിന്നു പങ്കെടുത്ത 12,000 വിദ്യാർത്ഥികളിൽ ശാസ്ത്രപ്രതിഭ കിരീടം നേടിയവർക്ക് ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു. ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ നടന്ന നാലാമത്‌ ബഹ്‌റൈൻ സ്റ്റുഡന്റ്സ് ഇന്നൊവേഷൻ കോൺഗ്രസിൽ (ബി.എസ്.ഐ.സി) സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ ബാല ശ്രീവാസ്തവ്, സൗപർണിക മുത്തയ്യ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. ഇവർക്കുള്ള സർട്ടിക്കിക്കറ്റുകൾ മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസം ഡയറക്ടർ ഡോ. ഡി.എസ്. രമേശ് സമ്മാനിച്ചു.

ആറ് സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 19 പ്രോജക്ടുകൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെയും പ്രോജക്ട് ഗൈഡുകളെയും അഭിനന്ദിച്ചു.