മനാമ: കേരളത്തിലെ പ്രശസ്‌ത കൗൺസിലറും മോട്ടിവേഷൻ സ്‌പീക്കറും എഴുത്തുകാരനുമായ പി.എം.എ ഗഫൂറിന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. മനുഷ്യ ബന്ധങ്ങൾക്കടിസ്ഥാനം സൗഹൃദമാണെന്നും ഫാസിസത്തെ വരെ ക്രിയാത്‌മകമായി നേരിടാൻ ഇത് വഴി സാധ്യമാകുമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. സൗഹൃദത്തിന്റെ വരികൾ കോറിയിടുന്ന ഫ്രൻറ്സ് എന്ന പേര് തന്നെ ഏറെ ആകർഷിക്കുകയുണ്ടായി. മനുഷ്യർക്കിടയിൽ സൗഹൃദവും സഹവർത്തിത്വവും പ്രസരിപ്പിക്കാനും അത് വഴി പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സാധിക്കണം. ചെറുതിനെ പോലും അവഗണിക്കാതിരിക്കാൻ സാധിക്കണം. വലിയ ജുറാസിക്കുകൾക്ക് വംശ നാശം സംഭവിക്കുകയും ചെറിയ ഉറുമ്പുകൾ അതിജീവനം നേടുകയും ചെയ്‌ത ഭൂമിയാണിത്. അത് കൊണ്ട് സമൂഹത്തെ ഭിന്നിപ്പിക്കുകയും വാ പിളർന്ന് വിഴുങ്ങാൻ വഴികൾ തേടുകയും ചെയ്യുന്ന ജുറാസിക്കുകൾക്ക് അധിക കാലം നിലനിൽപില്ലെന്നത് നിസ്‌തർക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്‌വി സ്വാഗതം ആശംസിക്കുകയും അസി. ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതമാശംസിക്കുകയും ചെയ്‌തു. സാമൂഹിക പ്രവർത്തകരായ കെ.ടി സലീം, ഗംഗൻ എന്നിവർ സന്നിഹിതരായിരുന്നു.