‘ടീം സിംഹ’ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘ഖൈമ -2020’ ഫാമിലി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ‘ടീം സിംഹ’ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഖൈമ -2020 ഫാമിലി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ സാക്കിറിലെ ട്രീ ഓഫ് ലൈഫിന് സമീപം സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാ പരിപാടികളും വിവിധ തരം മത്സരങ്ങളും അരങ്ങേറി.

വ്യാഴം രാത്രി എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണി വരെ നീണ്ടു നിന്നു. കലാപരിപാടികൾക്ക് ശേഷം മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാന വിതരണം നടത്തി. പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്കിടയിലും ജോലിത്തിരക്കുകൾക്കിടയിലും എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദകരമായ ക്യാമ്പ് വേറിട്ടൊരനുഭവം സമ്മാനിച്ചുവെന്ന് സംഘാടകരും ക്യാമ്പിൽ പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു.

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഗൾഫ് മാധ്യമം റിപ്പോർട്ടർ ഷമീർ മുഹമ്മദിന് ടീം സിംഹ അംഗങ്ങളുടെ നേതൃത്വത്തിൽ ക്യാമ്പിൽ വെച്ച് യാത്രയയപ്പും നൽകി. ക്യാമ്പിൽ ബഹ്‌റൈൻ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , ട്രഷറർ ഹബീബ് റഹ്മാൻ, മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി , സെക്രട്ടറിമാരായ കെ കെ സി മുനീർ , കെ പി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ശറഫുദ്ധീൻ മാരായമംഗലം , റഷീദ് ആറ്റൂർ , ഉമ്മർ മലപ്പുറം , ജലീൽ തിക്കോടി , ഹാഫിസ് വള്ളിക്കാട് , നൗഷാദ് മുനീർ , റിയാസ് കൊണ്ടോട്ടി അലി അക്ബർ , തുടങ്ങിയവർ സംബന്ധിച്ചു . സൗഹൃദ കൂട്ടായ്മ അംഗങ്ങളായ ശിഹാബ് പ്ലസ് , ഇസ്‌ഹാഖ്‌ വില്യാപ്പള്ളി , മാസിൽ പട്ടാമ്പി , ഹാരിസ് തൃത്താല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.