“സമത്വം ഭിന്ന ശേഷിക്കാർക്കും”; കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത് ബഹ്‌റൈൻ, തണൽ പരിപാടികൾക്ക് അന്താരാഷ്ട്ര സെമിനാറോടെ മികച്ച തുടക്കം

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ചോയ്‌സ് അഡ്വെർടൈസിങ്ങുമായി ചേർന്ന് നടത്തുന്ന വിവിധ പരിപാടികളുടെ ആദ്യ ഇനം ഇസ്സ ടൗൺ ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറി. തണൽ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ‘കാലത്തിന്റെ താളിൽ ഒരമ്മയുടെ കയ്യൊപ്പ്’ എന്ന നാടകത്തോടെ തുടങ്ങിയ പരിപാടികൾ സോഷ്യൽ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസി. അണ്ടർ സെക്രട്ടറി ഷെയ്ഖാ. ആയിഷ അൽ ഖലീഫ ഉൽഘാടനം ചെയ്തു.

ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി അദ്ധ്യക്ഷം വഹിച്ച ചടങ്ങുകൾക്ക് പ്രോഗ്രാം കൺവീനർ ആർ. പവിത്രൻ സ്വാഗതം പറഞ്ഞു.

ഭൂയിൽ ജനിക്കാനുള്ള അവകാശത്തിൽ തുടങ്ങുന്ന ഭിന്ന ശേഷിക്കാരുടെ പ്രശ്നങ്ങൾ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും നീതി സമത്വം നടപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ സമൂഹം ഇനിയുമേറെ മുന്നോട്ട് പോകണമെന്നും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.

“സഹതാപമോ സഹായമോ അല്ല മറിച്ച് അവകാശങ്ങൾ വകവെച്ച് കൊടുക്കുകയാണ് ഇത്തരക്കാരോട് സമൂഹത്തിന് നിറവേറ്റാനുള്ള കടമ എന്ന് സെമിനാർ ഏകശബ്ദത്തിൽ ആവശ്യപ്പെട്ടു.”

 

സുപ്രീം കോടതി മുൻ ന്യായാധിപൻ കുര്യൻ ജോസഫ്, ബഹ്‌റൈൻ എം.പി. മാസൂമ ഹസ്സൻ അബ്ദു റഹിം, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾ പളനി സ്വാമി, അമേരിക്കൻ റിസേർച്ചർ അന്ന എസ്. ക്ലെമെന്റ്സ്, ബഹ്‌റൈൻ മൊബിലിറ്റി ഇന്റർനാഷണൽ ചെയർമാൻ ആദൽ സുൽത്താൻ അൽ മുത്തവ്വ, ഹൈക്കോടതി അഡ്വക്കറ്റ് സ്മിത നിസാർ, തണൽ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, റസാഖ് മൂഴിക്കൽ, തണൽ ജനറൽ സെക്രട്ടറി യു.കെ. ബാലൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

തണൽ-കരുണ സ്‌പെഷൽ സ്‌കൂൾ കുറ്റിയാടിക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മുൻ നിർത്തി ജമാൽ ഷോവയിത്തർ ചെയർമാൻ ഫുആദ് മുഹമ്മദ് അൽ റയീസിനെ യോഗത്തിൽ ആദരിച്ചു. ട്രഷറർ റഷീദ് മാഹി നന്ദി പ്രകാശിപ്പിച്ചു.

നാളെ(10/01/2019, വ്യാഴം)ബഹ്‌റൈൻ കേരളീയ സമാജത്തിൽ “ചിരിയിലേക്കുള്ള ദൂരം” എന്ന സാമൂഹ്യ ബോധവൽകരണ നാടകവും വെള്ളിയാഴ്ച ലുലു റംലി മാളിൽ വൈകീട്ട് നാലുമണിക്ക് “കയ്യൊപ്പ്” എന്ന പരിപാടിയും ശനിയാഴ്ച ഇസ്സ ടൗൺ ബഹ്‌റൈൻ മൊബിലിറ്റി ഇന്റർ നാഷണലിൽ “നമ്മളൊന്ന്” എന്ന പരിപാടിയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.