പ്രളയത്തിൽ വീട് നഷ്‌ടമായ അമ്മിണി കുട്ടിയമ്മക്ക് ഒഐസിസി ബഹ്‌റൈൻ പാലക്കാട് ജില്ലയുടെ സ്നേഹ ഭവനം; തറക്കല്ലിടൽ കർമ്മം നിർവഹിച്ചു

മനാമ: ബഹ്‌റൈൻ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു. പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിലെ പട്ടിത്തറയിലാണ് പ്രളയത്തിൽ വീട് നഷ്‌ടമായ അമ്മിണി കുട്ടിയമ്മക്ക് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റിയുടെ വീട് നൽകുന്നത്. ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി വർഷം തോറും നടത്തി വരുന്ന പാലക്കാട് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പാലക്കാട് ഫെസ്റ്റ്-3 യിൽ വെച്ചാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നത്.

പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിർമ്മാണത്തിനുള്ള സ്ഥലം നൽകിയത്. തറക്കല്ലിടൽ കർമ്മം തൃത്താല എം.എൽ.എ വി.ടി ബൽറാം നിർവ്വഹിച്ചു. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ, മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ, ബഹ്‌റൈൻ ഒഐസിസി നേതാവും സ്നേഹ ഭവനം കൺവീനറുമായ നിസാർ കുന്നംകുളത്തിങ്ങൽ, പ്രതീക്ഷ ഭാരവാഹികൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസർ,ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ പറഞ്ഞു.