ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ‘പഞ്ചാബി ദിവസ് 2020’ ആഘോഷിച്ചു 

മനാമ: ഈ വർഷത്തെ പഞ്ചാബി ദിനം ഇന്ത്യൻ സ്‌കൂളിൽ നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.  ജനുവരി 14നു  ചൊവ്വാഴ്ച സ്കൂളിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന പഞ്ചാബി ദിന ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി ദാസ്മേഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ജുജർ സിംഗ് മിൻഹാസ് പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 125 ദശലക്ഷത്തിലധികം പേർ  സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയായ  പഞ്ചാബിയുടെ സംഭാവനയെക്കുറിച്ച് ജുജാർ സിംഗ് മിൻഹാസ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പഞ്ചാബി ദിനം വലിയ വിജയമാക്കിയ   വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ സ്‌കൂൾ  അസി. സെക്രട്ടറി പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ് , അക്കാദമിക് കോ ഓഡിനേറ്റർ എം എസ് പിള്ള, ഹെഡ് ടീച്ചർ ജോസ് തോമസ്, പാർവതി ദേവദാസൻ, പ്രിയ ലാജി,  ശ്രീകാന്ത് എസ്, ജുനിത്ത് സി എം   എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥി സമ്മാനിച്ചു.  പഞ്ചാബി ഭാഷാ അധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികളുടെ പേര് വകുപ്പ് മേധാവി ബാബൂ ഖാൻ പ്രഖ്യാപിച്ചു.
അധ്യാപിക  പർമിന്ദർ  കൗർ   നന്ദി പറഞ്ഞു.ഇന്ത്യൻ സ്‌കൂൾ  പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു.
പഞ്ചാബി വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. കൈയക്ഷരം, ചിത്രം തിരിച്ചറിയൽ, കവിത പാരായണം എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. മത്സരങ്ങൾക്ക് പുറമെ പഞ്ചാബി ‘ഗിദ്ദ നൃത്തം, ഭംഗ്ര നൃത്തം, പഞ്ചാബി കവിതകൾ, ഗാനങ്ങൾ തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പഞ്ചാബ് സംസ്ഥാനത്തെക്കുറിച്ചുള്ള സ്ലൈഡ് അവതരണം നിർവഹിച്ചു.