പൗരത്വ നിയമ ഭേദഗതി; സമര രംഗത്തുള്ളവര്‍ക്ക് ‘ബഹ്റൈന്‍ മേലാറ്റൂര്‍ കൂട്ടായ്മ’യുടെ ഐക്യദാര്‍ഢ്യം

മനാമ: വിവാദമായ പൗരത്വനിയമ ഭേദഗതിക്കെതിക്കെതിരെ നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ബഹ്റൈനിലെ മേലാറ്റൂര്‍ കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സല്‍മാബാദില്‍ നടന്ന കൂട്ടായ്മ യോഗത്തില്‍ പ്രധാന പ്രവര്‍ത്തകര്‍ പ്ലക്കാഡുകള്‍ ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യവും തങ്ങളുടെ പ്രതിഷേധവും അറിയിച്ചത്. യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു. മേലാറ്റൂരിനും പരിസര പ്രദേശങ്ങളിലുമുള്ള കൂടുതല്‍ പേരെ  ഉള്‍പ്പെടുത്തി 2020 മെയ് അവസാന വാരം ഒരു കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് വിപുലമായ ഒരു കമ്മറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ബഹ്റൈന്‍ പ്രവാസം അവസാനിച്ച് നാട്ടിലേക്ക് തിരിക്കുന്ന വാപ്പു ഉച്ചാരക്കടവിന് യാത്രയപ്പ് നല്‍കാനും ജോലി അറിയിപ്പുകളുള്‍പ്പെടെ ഗ്രൂപ്പംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സഹായകമാകുന്ന വിവിധ കാര്യങ്ങള്‍ കൂട്ടായ്മക്ക് കീഴില്‍ ചെയ്യാനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ ഉസ്താദ് റഫീഖ് ദാരിമി എടപ്പറ്റ പ്രാര്‍ത്ഥന നടത്തി. ഉബൈദുല്ല റഹ് മാനി  കൊന്പംകല്ല് ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ എടപ്പറ്റ, അഫ്സല്‍ മേലാറ്റൂര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.  സത്താര്‍, ഫാസിൽ പുത്തൻകുളം, ജിസാൻ ചോലക്കുളം, സുഹൈൽ എടപ്പറ്റ, സാലിഹ് കല്ലാംപാറ ഏപ്പിക്കാട്, ഫിറോസ് കല്ലാംപാറ ഏപ്പിക്കാട്, ഉവൈസ് എടയാറ്റുർ, റസാഖ് മൂനാടി, അഷ്‌റഫ് മൂനാടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.