ഇന്ത്യൻ സ്‌കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനവരി 23 ന് തുടങ്ങും

മനാമ: ഇന്ത്യൻ സ്‌കൂളിൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനവരി 23നു തുടങ്ങും. ഇന്ത്യൻ സ്‌കൂളും ബഹ്‌റൈൻ ബാഡ്‌മിന്റൺ ആൻഡ് സ്‌ക്വാഷ് ഫെഡറേഷനും സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. രാജ്യത്തു ബാഡ്മിന്റൺ കളി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ഈ വർഷം ഒരു പ്രധാന റാങ്കിംഗ് ടൂർണമെന്റ് നടത്തുന്നത്. ബി‌ബി‌എസ്‌എഫ് ഐഎസ്‌ബി ബ്രെയിൻ ക്രാഫ്റ്റ് ഇന്റർനാഷണൽ ബഹ്‌റൈൻ ജൂനിയർ റാങ്കിംഗ് സർക്യൂട്ട് 2020 എന്നു പേരിട്ടിരിക്കുന്ന ഈ ടൂർണമെന്റ് ഇന്ത്യൻ സ്‌കൂളിലെ നവീകരിച്ച കോർട്ടുകളിലാണ് നടക്കുക. 2020 ജനുവരി 23 മുതൽ 27 വരെയാണ് മത്സരങ്ങൾ. അണ്ടർ  9,11,13,15,17,19 സിംഗിൾസിലുംും ഡബിൾസിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി റാങ്കിംഗ് നൽകും.

അടുത്തിടെ നവീകരിച്ച ഇന്ത്യൻ സ്‌കൂളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല്  ബാഡ്‌മിന്റൺ കോർട്ടുകളിൽ നടക്കുന്ന ആദ്യ   ബാഡ്‌മിന്റൺ ടൂർണമെന്റാണിത്.  ജൂനിയർ റാങ്കിംഗ് സർക്യൂട്ടിൽ ബാഡ്മിന്റൺ നിയമങ്ങൾ കർശനമായി പാലിക്കും. ബി‌ഡബ്ല്യു‌എഫ് ജനറൽ കോമ്പറ്റീഷൻ റെഗുലേഷൻസ് (ജിസിആർ) ചാമ്പ്യൻഷിപ്പിന് ബാധകമാകും. ഈ ടൂർണമെന്റിന് ബി ഡബ്ലിയു എഫ് ബാഡ്മിന്റൺ നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ബാധകമാണ്. തുടർന്നുള്ള റാങ്കിങ് ടൂർണമെന്റുകൾക്ക് ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്, ഫിലിപ്പൈൻസ് ക്ലബ് , ഇബ്രാഹിം ബാഡ്മിന്റൺ അക്കാദമി, ബി‌‌ബി‌എസ്‌എഫ് എന്നിവ ആതിഥേയത്വം വഹിക്കും. മികച്ച റാങ്കുള്ള കളിക്കാരെ വർഷാവസാനം പ്രഖ്യാപിക്കുകയും 2020 ഡിസംബറിൽ ജൂനിയർ ഇന്റർനാഷണൽ സീരീസ് 2020 ൽ അവാർഡ് നൽകുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ സ്കൂൾ ബാഡ്മിന്റൺ കോച്ച് ജുനിത്ത് സി‌എമ്മുമായി 66359777 എന്ന നമ്പറിൽ ബന്ധപ്പെടുക.