മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് കൗണ്‍സില്‍ ഓഫ് റപ്രസന്‍റേറ്റീവ്സ് സ്പീക്കര്‍ ഫൗസിയ ബിന്‍ത് അബ്ദുള്ള സൈനല്‍. ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹയുമായുള്ള കൂടിക്കാഴ്ചയിലാണ് സ്പീക്കര്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
ഇന്ത്യയുടെ വേരുറച്ച ചരിത്രത്തേയും സംസ്കാരത്തേയും ശക്തമായ ജനാധിപത്യത്തേയും സ്പീക്കര്‍ പ്രശംസിച്ചു. രാജ്യത്തിന്‍റെ സാംസ്കാരിക വൈജാത്യത്തേയും പൗരാവകാശങ്ങളോടുള്ള ബഹുമാനത്തേയും സഹകരണത്തേയും കുറിച്ചും സ്പീക്കര്‍ എടുത്ത് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്താനായി നല്‍കുന്ന ശ്രദ്ധയിലും പരസ്പര സഹകരണത്തെ പിന്തുണക്കുന്നതിലും ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പങ്കിനേയും സ്പീക്കര്‍ അഭിനന്ദിച്ചു. തീവ്രവാദത്തിനും മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനും എതിരെ ഇന്ത്യയോടൊപ്പം നില്‍ക്കാനുള്ള ബഹ്റൈന്‍റെ സന്നദ്ധതയും സ്പീക്കര്‍ പ്രകടിപ്പിച്ചു.