കൊറോണ വൈറസ് പടരുന്നത് തടയാന്‍ സജ്ജമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പടരുന്നത് തടയാന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഹെല്‍ത്ത് എപിഡമോളജി ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിച്ച യോഗത്തിന് നേതൃത്യം നല്‍കിയത് പബ്ളിക് ഹെല്‍ത്ത് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ ഹാജരിയാണ്.

സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ്, BDF ആശുപത്രി, കിങ്‌ ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. കൊറോണ വൈറസ് പടരുന്നത് സംബന്ധിച്ചുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ യോഗത്തില്‍ പരിശോധിച്ചു. മുന്‍കരുതലുകളെടുക്കാനായി ഒരുമിച്ച് നിന്ന് കൊണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും തീരുമാനമായി.

വൈറസ് ബാധയേറ്റവര്‍ ഏതെങ്കിലും തരത്തില്‍ രാജ്യത്തെത്താതിരിക്കാന്‍ വ്യോമ, നാവിക മേഖലകളില്‍ നടത്തേണ്ട പരിശോധനകളുടെ രീതിയെ കുറിച്ച് ഡോ. അല്‍ ഹാജിരി ചര്‍ച്ച ചെയ്തു. സാംപിളുകളുടെ ശേഖരണവും പരിശോധനയും പൂര്‍ത്തിയായതായും അവര്‍ അറിയിച്ചു. മുന്നോട്ടുള്ള പോക്കില്‍ ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ മന്ത്രാലയവും മറ്റ് സ്ഥാപനങ്ങളും തമ്മിലുണ്ടാകേണ്ട സഹകരണത്തെ കുറിച്ചും അവര്‍ ഊന്നിപ്പറഞ്ഞു.