ബഹ്‌റൈനിൽ മറ്റൊരു നാടകക്കാലം കൂടി വരവായി; എൻ.എന്‍ പിള്ള അനുസ്മരണ നാടകോത്സവം ഫെബ്രുവരി 7,8,9 തിയതികളിൽ

മനാമ: നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ജന്മ ശതാബ്ദിയോടനുബന്ധിച്ച്‌ ബഹ്‌റൈൻ കേരളീയസമാജം സഘടിപ്പിക്കുന്ന എൻ.എൻ. പിള്ള അനുസ്മരണ നാടകോത്സവം ഫെബ്രുവരി 7,8,9 തിയ്യതികളിലായി നടക്കും. നാടകാചാര്യൻ ശ്രീ. എൻ എൻ പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ചാണ് ബഹ്‌റൈൻ കേരളീയ സമാജവും സ്കൂൾ ഓഫ്‌ ഡ്രാമയും സംയുക്തമായി എൻ.എൻ.പിള്ളയുടെ 10 നാടകങ്ങൾ അരങ്ങിലെത്തിക്കുന്നത്.

സമാജം പ്രസിഡന്റ് ശ്രീ പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ എന്നിവരാണ് പത്ര സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പ്രമുഖ സിനിമാ, നാടകപ്രവർത്തകരായ വിജയരാഘവൻ, ഹരിലാൽ എന്നിവർ അതിഥികളായി നാടകോത്സവത്തില്‍ എത്തിച്ചേരും. ആദ്യ ദിവസമായ ഫെബ്രുവരി 7ന് 4 മണിക്ക് മോഹൻരാജ് സംവിധാനംചെയ്യുന്ന പ്രൊഫൈൽ ഡ്രാമ ‘ഞാൻ’ അരങ്ങേറും. തുടർന്ന് എൻ എൻ പിള്ള അനുസ്മരണം ചടങ്ങും ഉണ്ടായിരിക്കും.

5മണിക്ക് ദീപ ജയചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘മൗലികാവകാശം’, 6മണിക്ക് ബേബിക്കുട്ടന്‍ സംവിധാനം ചെയ്യുന്ന ‘ഡാം’ , 7.30 ന് ശ്രീജിത്ത് പറശ്ശിനി സംവിധാനം ചെയ്യുന്ന ‘ഫാസ്റ്റ്പാസ്സഞ്ചര്‍’, 8.30ന് സുരേഷ് പെണ്ണുക്കര സംവിധാനം ചെയ്യുന്ന ‘ദി പ്രസിഡന്റ്’ എന്നീ നാടകങ്ങൾ അരങ്ങിലെത്തും.

രണ്ടാം ദിവസമായ ഫെബ്രുവരി തീയതി 8-ാം തിയ്യതി 8 മണിക്ക് കൃഷ്ണകുമാർ പയ്യന്നൂർ സംവിധാനം ചെയ്യുന്ന ‘ഗുഡ്നൈറ്റ്’, 8.45 ന് ഹരീഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘കുടുംബയോഗം’, 9.30 ന് ഷാഗിത്ത്, രമേഷ് എന്നിവര്‍ സംവിധാനം ചെയ്യുന്ന ‘ഗറില്ല’എന്നിവ അരങ്ങേറും.

അവസാന ദിവസമായ ഫെബ്രുവരി 9-ാം തീയതി 8 മണിക്ക് നാടകം മനോജ് തേജസ്വിനി സംവിധാനം ചെയ്യുന്ന ‘അണ്ടർവെയർ’ 9മണിക്ക് മനോഹരന്‍ പാവറട്ടി സംവിധാനം ചെയ്യുന്ന ‘കണക്ക് ചെമ്പകരാമൻ’ തുടങ്ങിയവയാണ് അരങ്ങിലെത്തുക. തുടർന്ന് 10 മണിക്ക് എൻ. എൻ. പിള്ള ജന്മശതാബ്ദി നാടകോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കും.

ബഹ്‌റൈനിലുള്ള എല്ലാ കലാസ്നേഹികളെയും നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതംചെയ്യുന്നതായി കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പതേരി അറിയിച്ചു. കൂടുതൽവിവരങ്ങൾക്ക് 39283875 , 39281276 ,39189154 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.