മതേതര ഇന്ത്യ ഗാന്ധിജിയിലേക്ക് തിരിയണം: ഒ.ഐ.സി.സി.

മനാമ: ഇന്ത്യയിലെ മതേതര വിശ്വാസികൾ മഹാത്മാ ഗാന്ധിജി പഠിപ്പിച്ച സഹന സമരത്തിന്റെ പാതയിൽ മുന്നോട്ട് നീങ്ങണമെന്ന് ഒഐസിസി. മഹാത്മാ ഗാന്ധി യുടെ 72-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളാണ് ഗാന്ധിയുടെ പാതയിലേക്ക് തിരിച്ചു നടക്കേണ്ടതിന്‍റെ ആവശ്യത്തെ പറ്റി അഭിപ്രായപ്പെട്ടത്‌.

ഇന്ത്യയിൽ ഭരണകർത്താക്കൾ നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്ക് എതിരെ മഹാത്മജി പഠിപ്പിച്ചു തന്ന സഹന സമരത്തിന്റ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് ചെറുത്തു തോൽപിക്കണം. മുപ്പത്തിമൂന്ന് ശതമാനത്തിന്റെ പിന്തുണ ഉള്ള ഭരണകർത്താക്കൾക്കെതിരെ ബാക്കി വരുന്ന ഭൂരിപക്ഷം ജനങ്ങളും ഇന്ന് സമരപാതയിലാണ്, ഇവിടെയാണ് ഗാന്ധിയൻ ദർശനങ്ങളെ പിന്തുടരുവാനും, ജീവിതത്തിൽ ഗാന്ധിയെ അനുകരിക്കുവാനും ശ്രമിക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.

അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പുഷ്പാർച്ചന, ദേശഭക്തി ഗാനാലാപനം എന്നിവ ഉണ്ടായിരുന്നു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം യോഗം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം, ജില്ലാ ഭാരവാഹികൾ ആയ ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ , ഉണ്ണികൃഷ്ണപിള്ള, സൽമാനുൽ ഫാരിസ്, ഷെരിഫ് ബംഗ്ലാവ്, ഷാജി തങ്കച്ചൻ, ഫിറോസ് അറഫ,കണ്ണൻ മണിയൂർ, സുരേഷ് മണ്ടോടി, ഗിരീഷ് കാളിയത്ത്‌, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി എന്നിവർ പ്രസംഗിച്ചു. ഒ.ഐ.സി.സി നേതാക്കളായ അനിൽ കുമാർ, ജോയ് സാമുവേൽ, മുഹമ്മദ്‌ മലപ്പുറം, റോയ് മാത്യു, രവി പേരാമ്പ്ര, അച്ചൻകുഞ്ഞ്, സിയാവുദീൻ, സിക്കന്ദർ എന്നിവർ നേതൃത്വം നൽകി.