മനാമ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡിന് കീഴിലെ മദ്രസകളിൽ നടത്തിയ ഹിക്മ ടാലൻറ് സെർച്ച് ടെസ്റ്റ് 2019ലെ സീനിയർ വിഭാഗത്തിൽ ടോപ്പറായ ലിയ അബ്ദുൽ ഹഖിനെ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ കമ്മിറ്റി അനുമോദിച്ചു. കേരളം, ചെന്നൈ, ബംഗ്ലൂരു, ജി.സി.സി.രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കാൽലക്ഷത്തിലധികം വിദ്യാർഥികൾ മാറ്റുരച്ച പരീക്ഷയിൽ ദാറുൽ ഈമാൻ റിഫ മദ്രസ്സയിലെ ലിയ അബ്ദുൽഹഖ് സീനിയർ വിഭാഗത്തിൽ അഞ്ച് ടോപ്പർമാരിൽ ഉൾപ്പെട്ടത് അഭിമാനകമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ഫ്രൻറ്സ് പ്രവർത്തകരായ അബ്ദുൽ ഹഖ്, ലുലു എന്നിവരുടെ മൂത്ത മകളാണ് ലിയ. ഏരിയ ഒാർഗനൈസർ ബുഷ്റ റഹീം ലിയക്ക് ഉപഹാരം നൽകി. കെ.കെ.മുനീർ, പി.എം അഷ്റഫ്, സ്വപ്ന വിനോദ്, ശൈമില നൗഫൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.