മനാമ: മുന്നൂറ് തൊഴിലാളികള്‍ക്ക് സൗജന്യ പരിശോധനയൊരുക്കി ഐസിആര്‍എഫിന്റെ 134-ാമത് മെഡിക്കല്‍ ക്യാംപ്. ഫെബ്രുവരി 7 വെള്ളിയാഴ്ച സല്‍മാനിയക്ക് സമീപമുള്ള മുഹമ്മദ് അഹമ്മദി കമ്പനിയില്‍ വെച്ചായിരുന്നു ക്യാംപ്.
സല്‍മാനിയ ഹോസ്പിറ്റല്‍, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, കിംഗ് ഹമദ് ഹോസ്പിറ്റല്‍, ബഹ്റൈന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ അഞ്ച് മുതിര്‍ന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്റുകളുടെയും പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സഹകരണത്തോടെയായിരുന്നു ക്യാംപ്. ആരോഗ്യ അവബോധവും സുരക്ഷാ നുറുങ്ങുകളും കൂടാതെ, തൊഴിലാളികള്‍ക്ക് സൗജന്യ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയും നടത്തി.
ക്യാമ്പ് സംഘടിപ്പിച്ചതിന് ഐസിആര്‍എഫിന് മാക് ജനറല്‍ മാനേജര്‍ ജി പദ്മകുമാര്‍ നന്ദി പറഞ്ഞു. എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കുകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കമ്പനി സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷന്‍ നല്‍കി.
ഐസിആര്‍എഫ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, ഐസിആര്‍എഫ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍, ഐസിആര്‍എഫ് ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുധീര്‍ തിരുനിലത്ത്, പങ്കജ് നല്ലുര്‍, സുനില്‍ കുമാര്‍, നാസര്‍ മഞ്ചേരി, ശിവകുമാര്‍, പവിത്രന്‍ നീലേശ്വരം, അജയ് കൃഷ്ണന്‍ മറ്റ് ഐസിആര്‍എഫ് അംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിആര്‍എഫ് 2002 മുതല്‍ ബഹ്റൈനില്‍ സ്ഥിരമായി മെഡിക്കല്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്നുവരെ, ഐസിആര്‍എഫ് 134 സൗജന്യ മെഡിക്കല്‍ ചെക്ക് അപ്പ് ക്യാമ്പുകള്‍ ബഹ്റൈനിലെ വിവിധ തൊഴില്‍ സ്ഥലങ്ങളില്‍ നടത്തിയിട്ടുണ്ട്, ഇത് ഏകദേശം 50,850 തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്തു.