തടസങ്ങളെല്ലാം നീങ്ങി; ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന ആന്ധ്രാ സ്വദേശി യെല്ലയ്യ നാട്ടിലേക്ക്

മനാമ: ശരീരം തളര്‍ന്ന് ചികിത്സയിലായിരുന്ന ആന്ധ്രാ സ്വദേശി യെല്ലയ്യ നാട്ടിലേക്ക് യാത്രയായി. ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സല്‍മാനിയ ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെയാണ് യെല്ലയ്യയ്ക്ക് തുടര്‍ചികിത്സകള്‍ക്കായി നാട്ടിലേക്ക് തിരികെ പോകാനായത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യെല്ലയ്യ ബഹ്‌റൈനിലെത്തുന്നത്. ജോലി വാഗ്ദാനം ചെയ്ത് യെല്ലയ്യെ ബഹ്‌റൈനിലെത്തിച്ച വിസ ഏജന്റ് പിന്നീട് വാക്കുമാറ്റി.

പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപ്പെട്ട രേഖകളുമായി ഏജന്റ് മുങ്ങുകയും ചെയ്തതോടെ യെല്ലയ്യ കെണിയിലകപ്പെട്ടു. എന്നാല്‍ നാട്ടിലെ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ബഹ്‌റൈനില്‍ തന്നെ പിടിച്ചുനിര്‍ത്തി. കഴിഞ്ഞ കുറേക്കാലങ്ങളായി ചെറിയ ജോലികള്‍ ചെയ്ത് ജീവിതം തള്ളി നീക്കുകയായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മസ്തിക്ഷ്‌കാഘാതം സംഭവിച്ച് യെല്ലയ്യയുടെ ശരീരം തളര്‍ന്നു. സല്‍മാനിയ ആശുപത്രി അധികൃതരുടെ സഹായത്തോടെ ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായ സൗഖ്യത്തിന് നാളുകള്‍ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇടയ്ക്ക് ഔട്ട് പാസ് ലഭിച്ചിട്ടും യല്ലയ്യയ്ക്ക് നാട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. യെല്ലയ്യയുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ പ്രതീക്ഷ ബഹ്‌റൈന്‍ (Hope Bahrain) പ്രവാസി കൂട്ടായ്മ സഹായഹസ്തവുമായി എത്തി. യല്ലയ്യയുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രതീക്ഷ ഭാരവാഹികള്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ശരിയാക്കി നല്‍കി.

എന്നാല്‍ മതിയായ രേഖകളില്ലാതെ ബഹ്‌റൈനില്‍ കഴിഞ്ഞതിന് പിഴയായി ഭീമമായതുക അടച്ചാലെ യല്ലയ്യയുടെ മടക്കം സാധ്യമാവുവെന്ന് അധികൃതര്‍ അറിയിച്ചു. സാമൂഹ്യ പ്രവര്‍ത്തകനായ കെ.ടി സലീമിന്റെ ഇടപെടലില്‍ ഈ തുക പൂര്‍ണമായും ഒഴിവാക്കി. എല്ലാ തടസങ്ങളും നീക്കി യാത്രയ്ക്കാവശ്യമായ ടിക്കറ്റും, കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഗള്‍ഫ് കിറ്റും, ചെറിയൊരു സാമ്പത്തിക സഹായവും നല്‍കി ഹോപ്പ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേയ്ക്ക് യാത്രയാക്കി. ഹോപ്പ് പ്രവര്‍ത്തകരായ കെ ആര്‍ നായര്‍, അഷ്‌കര്‍ പൂഴിത്തല, സാബു ചിറമേല്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.