മനാമ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ ചൈനയുടെ സാമ്പത്തിക മേഖലയിലുണ്ടായിരിക്കുന്ന തകര്‍ച്ച താല്‍ക്കാലികം മാത്രമെന്ന് ബഹ്‌റൈനിലെ ചെനീസ് അംബാസിഡര്‍ ആന്‍ വേ. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥിതിയില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് താല്‍ക്കാലികം മാത്രമാണെന്ന് അംബാസിഡര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ഉര്‍ന്നെങ്കിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കുകള്‍ പ്രകാരം പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നതായി ചൈനീസ് ആരോഗ്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
കൂടുതല്‍പേരും മരിച്ചത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. എന്നാല്‍, ഹുബൈയിലും വുഹാനിലും അതിഗുരുതരമായി തുടരുകയാണ്. ബ്രിട്ടനിലും സ്‌പെയിനിലും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. സിങ്കപ്പൂരില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രത തുടരുകയാണ്. സിങ്കപ്പൂരില്‍ 40 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.