കണ്ണൂര്‍ ഫെസ്റ്റ്-2020 പോസ്റ്റര്‍ പ്രകാശനം ചെയ്തു

മനാമ: ‘കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍’, സുബി ഹോംസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ഫെസ്റ്റ്-2020 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ബാങ്കോക് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി ജോബ് ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് നജീബ് കടലായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രദീപ് പുറവങ്കര, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ ബഷീര്‍ അമ്പലായി, ഗഫൂര്‍ കൈപ്പമംഗലം, കെ. ടി. സലിം, നാസര്‍ മഞ്ചേരി, ഫ്രാന്‍സിസ് കൈതാരത്, സി. ഗോവിന്ദന്‍, വി. വി. മോഹന്‍, കെ. വി. പവിത്രന്‍, റിയാസ് തരിപ്പയില്‍, ലത്തീഫ് ആയഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ബേബി ഗണേഷ് സ്വാഗതവും മൂസകുട്ടി നന്ദിയും പറഞ്ഞു.

വൈവിധ്യമേറിയ പരിപാടികള്‍ ഉള്‍കൊള്ളുന്ന കണ്ണൂര്‍ ഫെസ്റ്റ് – 2020 ല്‍ വെച്ച് പ്രശസ്ത ചെണ്ടമേള കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെ ‘വാദ്യ ശ്രേഷ്ഠ’ പുരസ്‌കാരം നല്‍കി ആദരിക്കുകയും സംഗീത ലോകത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ശരീഫിനെ ‘സംഗീത ശ്രേഷ്ഠ’ അവാര്‍ഡും നല്‍കി ആദരിക്കുകയും ചെയ്യുന്നതാണ്. അതുപോലെ കണ്ണൂരിന്റെ ഭക്ഷണവിഭവങ്ങളായ ബിരിയാണിയും മുട്ടമാലയും പായസവും തുടങ്ങിയ വിഭവങ്ങളുടെ പാചക മത്സരവും, കമ്പവലി മത്സരവും അതുപോലെ ചിത്രരചനാ മത്സരവും നടക്കുന്നതാണ്.

പരിപാടിയില്‍ കണ്ണൂരിലെ തനതായ കലാരൂപങ്ങളും ആവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നു. കണ്ണൂര്‍ ശരീഫ്, സരിഗമപ ഫെയിം ആഷിമ മനോജ്, പ്രശസ്ത പിന്നണിഗായിക വിജിത ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കുന്ന വമ്പിച്ച ഗാനമേളയും, സോപാനം സന്തോഷിന്റെ നേതൃത്വത്തില്‍ വാദ്യ മേളവും ഉണ്ടായിരിക്കുന്നതാണ്.