മുന്‍ ദേശീയ ക്രിക്കറ്റ് താരം ടി.എ ശേഖര്‍ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

മനാമ: മുന്‍ ദേശീയ ക്രിക്കറ്റ് താരം ടി.എ ശേഖര്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. 14 വയസിന് താഴെയുള്ള കുട്ടികളുമായി സംവദിച്ച അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. രാജ്യത്തെയോ ദേശീയ ടീമിനെയോ പ്രതിനിധീകരിക്കണമെന്ന് സ്വപ്നം കാണുന്നതിനുമുമ്പ് എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടി.എ ശേഖര്‍ കുട്ടികളോട് നിര്‍ദേശിച്ചു.

‘പരിശീലനം മനുഷ്യനെ പരിപൂര്‍ണ്ണനാക്കുന്നു’ എന്ന് ഉദ്ധരിച്ച അദ്ദേഹം ‘തികഞ്ഞ മനുഷ്യനാകാന്‍ നന്നായി പരിശീലിക്കാന്‍’ കുട്ടികളെ ഉപദേശിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായിരുന്ന ടി.എ ശേഖര്‍. തമിഴ്‌നാട് സ്വദേശിയായ ശേഖര്‍ ഇന്ത്യക്ക് വേണ്ടി 2 ടെസ്റ്റുകളും നാല് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലെ എംആര്‍എഫ് പേസ് ഫൗണ്ടേഷന്റെ ബൗളിംഗ് പരിശീലകനായിരുന്നു ശേഖര്‍.

ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് നമ്പ്യാര്‍, ബിനു മണ്ണില്‍ വര്‍ഗീസ്, അജയകൃഷ്ണന്‍ വി, സജി മങ്ങാട്, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, വൈസ്-പ്രിന്‍സിപ്പല്‍മാര്‍, കായിക അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.