ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവിന് ഉജ്വല സമാപനം

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ( ആര്‍. എസ്. സി) ഗള്‍ഫിലുടനീളം നടത്തുന്ന സാഹിത്യോത്സവിന്റെ പതിനൊന്നാമത് എഡിഷന്‍ ബഹ്‌റൈന്‍ ദേശീയ തല മത്സരങ്ങള്‍ സമാപിച്ചു. ബഡ്‌സ്, കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ ,ജനറല്‍ എന്നീ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കഥ പറയല്‍, ജല ഛായം, ദഫ്, ഖവാലി, കവിതാ പാരായണം, വിവിധ ഭാഷകളിലെ രചനാ മത്സരങ്ങള്‍, പ്രസംഗങ്ങള്‍, വിവര്‍ത്തനം ,വായന തുടങ്ങി 106 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ യഥാക്രമം മുഹറഖ്, മനാമ , റിഫ സെന്‍ട്രലുകള്‍ വിജയികളായി.

പ്രവാസി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗവാസനകളെ ധര്‍മ വഴിയില്‍ പരിപോഷിപ്പിക്കുക, അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ച് പിടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആര്‍.എസ്.സി ദേശീയ സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ആനന്ദ് വി നായര്‍, രവി മാരോത്ത്, സുധി പുത്തന്‍വേലിക്ക, നാസര്‍ ഫൈസി, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, സുബൈര്‍ മാസ്റ്റര്‍, ശിഹാബുദ്ധീന്‍ സിദ്ദീഖി, അബൂബക്കര്‍ ഇരിങ്ങണ്ണൂര്‍, അലവി കോട്ടക്കല്‍, മുഹമ്മദ് കുലുക്കല്ലൂര്‍, അഷ്ഫാഖ് മണിയൂര്‍, അബ്ദുള്‍ സലാം കോട്ടക്കല്‍, എന്നിവര്‍ പ്രധാന വിധികര്‍ത്താക്കളായി.

സാഹിത്യോത്സവിന് മുന്നോടിയായി പ്രവാസി എഴുത്തുകാര്‍ക്കായി നല്‍കുന്ന കലാലയം പുരസ്‌കാരത്തിന് ആദര്‍ശ് മാധവന്‍ കുട്ടി , പ്രീതി ബിനു എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. മനാമ പാക്കിസ്താന്‍ ക്ലബ്ബില്‍ നടന്ന സാഹിത്യോത്സവ് ഐ.സി.എഫ്. നാഷനല്‍ അഡ്മിന്‍ പ്രസിഡണ്ട് അബ്ദുള്‍ സലാം മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ അലനല്ലൂര്‍, ബഷീര്‍ മാസ്റ്റര്‍ ക്ലാരി, ഷഹീന്‍ അഴിയൂര്‍, അഷ്‌റഫ് മങ്കര, ജാഫര്‍ പട്ടാമ്പി, ഹംസ പുളിക്കല്‍, നജ്മുദ്ധീന്‍ പഴമള്ളൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ആര്‍.എസ്.സി. നാഷനല്‍ ചെയര്‍മാന്‍ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നം പറമ്പില്‍ ഉദ്ഘാടനം ചെയതു. സയ്യിദ് ശിമോഗ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. അബ്ദുറഹീം സഖാഫി വരവൂര്‍ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷനല്‍ പ്രസിഡണ്ട് കെ.സി. സൈനുദ്ധീന്‍ സഖാഫി, വി.പി.കെ. അബൂബക്കര്‍ ഹാജി, മമ്മൂട്ടി മുസല്യാര്‍ വയനാട്, എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. എസ്. എസ്. എഫ്: മുന്‍ സംസ്ഥാന സമിതി അംഗം ഷാഫി മാസ്റ്റര്‍ , ബിനു കുന്നന്താനം, ഗഫൂര്‍ കൈപ്പമംഗലം ,അബ്ദുള്‍ ഹകീം സഖാഫി കിനാലൂര്‍, വി.പി.കെ. മുഹമ്മദ്, ജവാദ് ചാവക്കാട് പ്രസംഗിച്ചു. അഡ്വ: ഷബീറലി സ്വാഗതവും ഫൈസല്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.