മനാമ: ‘ബഹ്റൈന്‍ കേരളീയ സമാജവും’ മലയാളം പ്രസാധകരുടെ കൂട്ടായ്മയായ ‘പുസ്തകവും’ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ഫെബ്രുവരി 19 ന് ആരംഭിക്കും. ഫെബ്രുവരി 19 മുതല്‍ 29 വരെ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോല്‍സവവും കലാമാമാങ്കവും ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത് എന്ന് സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ബി കെ എസ് ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പുസ്തക മേളയില്‍ അമ്പതിൽ പരം ദേശീയ അന്തര്‍ദേശീയ പുസ്തക പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് ഉണ്ടാവുക. ആവശ്യമുള്ള പുസ്തകങ്ങള്‍ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗല്‍ഭരുടെ വന്‍ നിരയാണ് പുസ്തകോല്‍സവവുമായി ബന്ധപ്പെട്ടു ബഹ്റൈന്‍ കേരളീയ സമാജത്തിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി ശ്രീ സീതാറാം യെച്ചൂരി, പാര്‍ലിമെന്‍റ് അംഗവും മുന്‍ മന്ത്രിയുമായ ശ്രീ ജയറാം രമേശ്, എഴുത്തുകാരനും മുന്‍ മന്ത്രിയും കവിയുമായ ഡോ എം കെ മുനീര്‍, ബി ജെ പി മുൻ കേരള സംസ്ഥാന അധ്യക്ഷനായ സി കെ പദ്മനാഭൻ, എഴുത്തുകാരനും മുന്‍ മന്ത്രിയുമായ ശ്രീ എം എ ബേബി, യൂത്ത് ലീഗ് പ്രസിഡന്‍റ് ശ്രീ മുനവറലി തങ്ങള്‍, പ്രശസ്ത എഴുത്തുകാരായ ശ്രീമതി കെ ആര്‍ മീര, ശ്രീ കെ ജി ശങ്കരപിള്ള, ശ്രീ വി ആര്‍ സുധീഷ്, ശ്രീ സുഭാഷ് ചന്ദ്രന്‍, ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പുസ്തകോല്‍സവത്തില്‍ അതിഥികളായെത്തും
പ്രശസ്തരുമായുള്ള മുഖാമുഖം പരിപാടികള്‍ പുസ്തകോല്‍സവത്തിന്‍റെ മുഖ്യ ആകര്‍ഷകമാവും. ഫെബ്രുവരി 21,28 തീയ്യതികളില്‍ നടക്കുന്ന സാഹിത്യ ശില്‍പശാല ബഹ്റൈനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലയും സാഹിത്യ പ്രേമികളെ സമാജത്തിലെത്തിക്കും. കൂടാതെ കുട്ടികള്‍ക്കായും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരുക്കിയിട്ടുള്ള സാഹിത്യ ശില്‍പശാല പുതു തലമുറയേയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് നടത്തുന്ന ഒന്നാവും. മാസ്സ് പെയിന്‍റിങ്, ആര്‍ട്ട് ആന്ഡ് ക്രാഫ്റ്റ് എക്സിബിഷന്‍, കാലിഡോസ്കോപ് എന്ന പേരില്‍ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികള്‍ ഇവയൊക്കെ പുസ്തകോല്‍സവത്തെ മികച്ച സാംസ്കാരികോല്‍സവമാക്കി മാറ്റും.
മുതിര്‍ന്നവര്‍ക്കും(ഫെബ്രുവരി 19) കുട്ടികള്‍ക്കുമായി(ഫെബ്രുവരി 21) ദേശീയ അന്തര്‍ദേശീയ സാഹിത്യ വിഷയങ്ങളിലൂന്നിയുള്ള പ്രശ്നോത്തരി, കുട്ടികള്‍ക്കായി ചിത്ര രചന മല്‍സരം(ഫെബ്രുവരി 21), കവിത- കഥ രചനാ മല്‍സരങ്ങള്‍ (ഫെബ്രുവരി19,22) ഇവയൊക്കെ ഒരുക്കി ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോല്‍സവത്തെ വരവേല്‍ക്കുകയാണ്
ബി കെ എസ്- പുസ്തകം അന്താരാഷ്ട്ര പുസ്തകോല്‍സവം 2020 ന്‍റെ വരുമാനത്തില്‍ ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വെക്കുന്നത് എന്ന് സമാജം ഭരണസമിതി അറിയിച്ചു. ഫെബ്രുവരി 19 മുതല്‍ 29 വരെ എല്ലാ ദിവസവും കലാ പ്രദര്‍ശനങ്ങള്‍ കാണാനും, പുസ്തകങ്ങള്‍ വാങ്ങാനും, മല്‍സരങ്ങളില്‍ പങ്കാളികളാവാനും ഏവരെയും ഈ സാംസ്കാരികോല്‍സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരിവുവത്ര അറിയിച്ചു. ഹരികൃഷ്ണന്‍റെയും ഷബിനി വാസുദേവിന്‍റെയും നേതൃത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ച് പൂസ്തകോല്‍സവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.