മനാമ: തദ്ദേശതെരഞ്ഞെടുപ്പിന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബുറഹ്മാൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അറിയിച്ചു. വിധി വന്നത് യു.ഡി.എഫ് നല്‍കിയ ഹര്‍ജി ശരിവെച്ചുകൊണ്ടാണ്,
ലക്ഷക്കണക്കിന് വോട്ടർമാർക്ക് ആശ്വാസകരമാണീ വിധി. കഴിഞ്ഞ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെങ്കിൽ വീണ്ടും പഞ്ചായത്ത് പട്ടികയിൽ ഉൾപ്പെടാൻ അപേക്ഷ നൽകി, ഹിയറിംഗിന് ഹാജറായി രേഖകൾ സമർപ്പിക്കണമായിരുന്നു. ആയിരക്കണക്കിന് പ്രവാസികൾ 2019ലെ വോട്ടർ പട്ടികയിൽ പ്രവാസി വോട്ട് ആക്കി മാറ്റിയിരുന്നു. വീണ്ടും വോട്ട് ചേർക്കുക എന്നത് ഏറെ പ്രയാസം ഉണ്ടാക്കുമായിരുന്നു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടിക കരട് പട്ടികയായി സ്വീകരിച്ച തെരഞ്ഞെട്ടപ്പ് കമ്മീഷൻ്റെ നടപടി ശരിയായിരുന്നില്ല. അനാവശ്യമായ ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ മുസ്ലിം ലീഗ് പാർട്ടി നിയമ പോരാട്ടത്തിനിറങ്ങിയതിന് ഫലം കണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്.