ബെയ്ജിംഗ്: കൊറോണ വൈറസ് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് സഹായഹസ്തവുമായി ബഹ്റൈന്‍. ചൈനയിലെ ബഹ്റൈന്‍ അംബാസിഡര്‍ വഴി വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ആവശ്യമുള്ള മുഖാവരങ്ങള്‍ കൈമാറി. നേരത്തെ ചൈനയ്ക്ക് എല്ലാവിധത്തിലുള്ള സഹായവും നല്‍കുമെന്ന് ജി.സി.സി രാജ്യങ്ങള്‍ നിലപാടറിയിച്ചിരുന്നു.
മിക്ക ചൈനീസ് നഗരങ്ങളിലെല്ലാം വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ സംരക്ഷണ മാസ്‌ക്കുകളുടെ ആവശ്യം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സഹായഹസ്തവുമായി ബഹ്‌റൈന്‍ രംഗത്തുവന്നത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയം ബഹ്റൈനോട് നന്ദി അറിയിച്ചു.
രാജ്യത്തിന്റെ കടുത്ത പ്രതിസന്ധിയില്‍ പിന്തുണച്ചത് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ ആഴത്തെ പ്രതിഫലിക്കുന്നു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയില്‍ ബുധനാഴ്ച്ച മാത്രം വൈറസ് ബാധയേറ്റ് 242 പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ 1,355 ആയി ഉയര്‍ന്നിട്ടുണ്ട്.