കൊറോണ വൈറസ്; കൂടുതല്‍ ജാഗ്രത, അടുത്തിടെ ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് ബഹ്റൈനിലേക്ക് യാത്രാ വിലക്ക്

മനാമ: കൊറോണ വൈറസിനെതിരെ ജാഗ്രതാ നടപടിയുമായി ബഹ്റൈന്‍. 14 ദിവസം മുന്‍പ് ചൈന സന്ദര്‍ശിച്ച വിദേശികള്‍ക്ക് ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ നിരോധനം ഏര്‍പെടുത്തി. അതേസമയം രാജ്യത്തെ പൗരന്‍മാരെ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരമുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കും. തുടര്‍ന്ന് രോഗബാധയുണ്ടെങ്കില്‍ കൂടുതല്‍ ചികിത്സക്കായി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്യും.

ചൈനയില്‍ ബുധനാഴ്ച്ച മാത്രം വൈറസ് ബാധയേറ്റ് 242 പേര്‍ മരണമടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ചൈനയില്‍ മരണ സംഖ്യ 1,355 ആയി ഉയര്‍ന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈറസ് ബാധിതരുടെ എണ്ണം 60,000 ആണ്. ചൈനയെ കൂടാതെ ഹോങ്കോങ്ങിലും ഫിലിപൈന്‍സിലും ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്.

കുറഞ്ഞത് 25 രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ തന്റെ പൗരന്‍മാരെ വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈയില്‍ നിന്നും തിരികെ വിളിച്ചു കഴിഞ്ഞു. യു.എ.ഇ, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Source: Bahrain news agency