ഹജ്ജ് തീർഥാടകർ ഇത്തവണ രണ്ട് ഘട്ടങ്ങളിലായി പുറപ്പെടും, പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം: കേരള ഹജ്ജ്​ കമ്മിറ്റി ചെയർമാൻ

അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണ കേരളം നാലാമത്: ഇൻറർനെറ്റ്​ സൗകര്യം ലഭ്യമല്ലാത്തതിനാൽ ഏറ്റവും കുറവ് അപേക്ഷകർ കശ്​മീരിൽ നിന്നും

മനാമ: ഹജ്ജ്​ തീർഥാടകരുടെ പാസ്പോർട്ട്​ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ കേരള ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. മർക്കസ് സമ്മേളനത്തിൻ്റെ പ്രചരണാർഥം ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കോഴിക്കോട്​ മാത്രമാണ്​ പാസ്​പോർട്ട്​ സ്വീകരിച്ചിരുന്നത്​.

ഇത്തവണ ഹജ്ജ്​ യാത്രക്കാർ രണ്ട്​ ഘട്ടങ്ങളിലായാണ്​ പുറപ്പെടുന്നത്​. ആദ്യ ഘട്ടത്തിൽ കോഴിക്കോട്​ നിന്നും രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽനിന്നുമാണ്​ ഹാജിമാർ പുറപ്പെടുക. അപേക്ഷകരുടെ എണ്ണത്തിൽ ഗുജറാത്ത്​, യു.പി, മഹാരാഷ്​ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പിറകേയാണ് കേരളത്തിൻ്റെ സ്ഥാനം. 26000 അപേക്ഷകളാണ് ഇത്തവണ കേരളത്തിൽ നിന്നും ലഭിച്ചത്, മുൻ വർഷത്തിൽ ഇത് 46000 ആയിരുന്നു. 10400 ഓളം പേർക്ക് കേരളത്തിൽ നിന്നും ഹജ്ജിന്​ അവസരമുണ്ടായിരിക്കും.

കൂടെ പുരുഷൻമാരില്ലാതെ സ്​​ത്രീകൾക്ക്​ ഹജ്ജിന്​ പോകാനുള്ള അനുവാദം കഴിഞ്ഞ വർഷം മുതൽ സൗദി സർക്കാർ നൽകിയിട്ടുണ്ട്​. പക്ഷേ, ഒരു കവറിൽ നാല്​ സ്​ത്രീകൾ ഉണ്ടായിരിക്കണമെന്ന വ്യവസ്​ഥയുണ്ട്​. ഇങ്ങനെ അപേക്ഷിക്കുന്ന മുഴുവൻ സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന്​ അവസരം ലഭിക്കും. പുരുഷൻമാരുടെ സഹായമില്ലാതെ പോകുന്ന സ്​ത്രീകളിൽ കൂടുതലും കേരളത്തിൽ നിന്നാണെന്നും ഫൈസി ചൂണ്ടിക്കാട്ടി.

ഇൻറർനെറ്റ്​ സൗകര്യം ലഭ്യമല്ലാത്തതിനാൽ കശ്​മീരിൽനിന്നും ഇത്തവണ അപേക്ഷകർ കുറവാണ്​. അഞ്ച്​ വർഷം തുടർച്ചയായി അപേക്ഷിച്ചാൽ അഞ്ചാം വർഷം അവസരം ലഭിക്കുമെന്ന വ്യവസ്​ഥ കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കിയിട്ടുണ്ട്​. മുൻകാലങ്ങളിൽ അപേക്ഷകർ കൂടിയത്​ അതിനാലാണെന്നും വിലയിരുത്തലുണ്ട്​. സ്​ത്രീകൾക്കുവേണ്ടി കരിപ്പൂരിൽ എട്ട്​ കോടി രൂപ ചെലവിൽ പുതിയ ​ ബ്ലോക്ക്​ പണിയുന്നുണ്ട്​. നാല്​ നിലകളിലുള്ള കെട്ടിടത്തി​ൻ്റെ നിർമാണോദ്​ഘാടനം കഴിഞ്ഞു. ഇതിനായി 1.20 കോടി രൂപ സംസ്​ഥാന സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്​. കേന്ദ്ര ഹജ്ജ്​ കമ്മിറ്റിയുടെ നിർദേശപ്രകാരം ഹജ്ജ്​ ഹൗസിൽ ​ഐ.എ.എസ്​ കോച്ചിങ്​ സെൻററും മാർച്ചിൽ പ്രവർത്തനമാരംഭിക്കും. കണ്ണൂരിലും എംബാർക്കേഷൻ പോയിൻറ്​ അനുവദിക്കണമെന്ന്​ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര ഹജ്ജ്​ കമ്മിറ്റിയിൽനിന്ന്​ അനുവാദം ലഭിച്ചില്ലെന്നും ഫൈസി പറഞ്ഞു.

മർക്കസ്​ സമ്മേളനം ഏപ്രിൽ ഒമ്പത്​ മുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖാഫി ബിരുദം നേടിയ 1500 പണ്​ഡിതർക്ക്​ സമ്മേളനത്തിൽ സർട്ടിഫിക്കറ്റ്​ നൽകും. മർക്കസിനോടനുബന്ധിച്ച്​ ഒരുക്കിയ നോളജ്​ സിറ്റിയുടെ ഉദ്​ഘാടനം മാർച്ചിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോ കോളജ്​, യുനാനി മെഡിക്കൽ കോളജ്​, പബ്ലിക്​ സ്​കൂൾ, കൾച്ചറൽ സെൻറർ, മ്യൂസിയം, കമ്യൂണിറ്റി ഹാൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ്​ നോളജ്​ സിറ്റി.
വാർത്താസമ്മേളനത്തിൽ ഐ.സി.എഫ്. നാഷണൽ ജനറൽ സെക്രട്ടറി എം.സി. അബ്​ദുൽ കരീം, നാഷണൽ പബ്ലിക്കേഷൻ സമിതി പ്രസിഡൻറ്​ ഹകീം സഖാഫി, നാഷണൽ സർവീസ് സമിതി പ്രിസിഡൻറ്​ വി.പി.കെ അബൂബക്കർ ഹാജി തുടങ്ങിയവർ പ​ങ്കെടുത്തു.