മനാമ: ബഹ്റൈൻ കേരളീയ സമാജം അതിന്റെ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി സമാജം അംഗങ്ങൾ അല്ലാത്ത വായനാതല്പരരായ മുഴുവൻ ബഹ്റൈൻ പ്രവാസികൾക്കും സമാജം വായനശാലയുടെ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള അവസരം നൽകുമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ഈ പദ്ധതിയുടെ ഔദ്യോഗിക ഉത്‌ഘാടനം ഈ മാസം 19 മുതൽ 29 വരെ നടക്കുന്ന ബി കെ എസ് ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഇടയിൽ വായനാശീലവും സാഹിത്യാഭിരുചികളും വളർത്തുവാൻ ഈ നടപടി ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ അറിയിച്ചു. സമാജം വായനശാലയിലുള്ള ഏകദേശം പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വായിക്കുന്നതിനും ഉള്ള അവസരമാണ് ഇതുവഴി സമാജം അംഗങ്ങൾ അല്ലാത്തവരടക്കമുള്ള എല്ലാ പ്രവാസികൾക്കും കൈവരുന്നത്. കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രറിയൻ വിനൂപ് കുമാറുമായോ (39252456) കൺവീനർ സുമേഷുമായോ (39131926) ബന്ധപ്പെടാം.