മനാമ: ബഹ്റൈൻ പ്രതിഭ ഈസ്റ്റ് റിഫാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നോർക്ക- പ്രവാസി ക്ഷേമനിധി പദ്ധതികളുടെ വിശദീകരണവും പ്രവാസി നിയമ ബോധവൽക്കരണവും നടത്തി. പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പദ്ധതികൾ നിർവ്വഹിക്കുന്ന സംസ്ഥാന സർക്കാരാണു കേരളത്തിൽ നിലവിലുള്ളതെന്നും ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെ പ്രശനങ്ങൾ ചർച്ചചെയ്യാനും പരിഹരിക്കാനുമാണ് ലോക കേരള സഭ പോലുള്ള സംവിധാനങ്ങൾ രൂപീകരിച്ചതെന്നും ലോക കേരള സഭ അംഗമായ സി.വി നാരായണൻ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.
ബഹ്റൈനിലെ നോർക്ക ലീഗൽ കൺസൾട്ടന്റ് ആയ അഡ്വക്കേറ്റ് ശ്രീജിത്ത് കൃഷ്ണൻ, പ്രവാസികൾ അഭിമുഖീകരിക്കുന്ന തൊഴിൽ-വിസ നിയമ പ്രശ്നങ്ങളെപ്പറ്റിയും തൊഴിലാളികളുടെ അവകാശങ്ങളെപ്പറ്റിയും വിശദീകരിച്ചു. സദസ്യരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ടവർ മറുപടി നൽകി. പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും അവസരമൊരുക്കിയിരുന്നു. പ്രതിഭ പ്രസിഡന്റ് സതീഷ്, കമ്മറ്റി അംഗം ജോയ് വെട്ടിയാടൻ, പ്രദീപ് പതേരി, രക്ഷാധികാരി അംഗം റാം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അഷ്റഫ് മളി സ്വാഗതം ആശംസിച്ച പരിപാടിയിൽ യൂനിറ്റ് പ്രസിഡണ്ട് രാജീവൻ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാവേദി പ്രവർത്തകരും നേതൃത്വം നൽകി.