മനാമ: എഴുപതാം വാർഷിക ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ൽ സ്ഥാപിതമായ സ്‌കൂൾ കൈവരിച്ച നേട്ടങ്ങൾ ഓർമ്മപ്പെടുത്താൻ വേണ്ടിയുള്ള പരിപാടികളിൽ ഈ ലോഗോ ഉപയോഗിക്കും. ഐഎസ്ബി @ 70 എന്ന ആഘോഷ പരിപാടികൾ ഈ വർഷാവസാനം വരെ നീളും. ലോഗോ ഡിസൈൻ മത്സരത്തിൽ ഏവർക്കും പങ്കെടുക്കാം. സ്കൂളിന്റെ പേരും പെരുമയും സംസ്കാരവും ചിത്രീകരിക്കുന്ന ലോഗോയുടെ രൂപകൽപ്പന യഥാർത്ഥ കലാസൃഷ്ടിയായിരിക്കണം. ഏതെങ്കിലും എൻ‌ട്രികൾ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം സ്കൂളിൽ നിക്ഷിപ്തമായിരിക്കും. തിരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകും. ലോഗോയുടെ പകർപ്പവകാശം സ്കൂളിനായിരിക്കും. മാത്രമല്ല സ്കൂൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യും.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അവരുടെ എൻ‌ട്രികൾ ഫെബ്രുവരി 20 നകം isb70@indianschool.bh എന്ന ഈമെയിലിലേക്ക് അയയ്ക്കാം. ഡിസൈനിന് പിന്നിലെ ആശയം വിശദീകരിക്കുന്ന ഒരു വിവരണവും ലോഗോയ്‌ക്കൊപ്പം ഉണ്ടായിരിക്കണം. എൻ‌ട്രികൾ‌ സമർപ്പിച്ചുകഴിഞ്ഞാൽ‌, അവർ മേൽപ്പറഞ്ഞ നിയമങ്ങളും വ്യവസ്ഥകളും മനസിലാക്കിയിട്ടുണ്ടെന്ന് അനുമാനിക്കുകയും അവ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്യുന്നതായി കണക്കാക്കും. എല്ലാ എൻ‌ട്രികളും അപേക്ഷകനെ ബന്ധപ്പെടേണ്ട വിശദാംശങ്ങൾ സഹിതം സമർപ്പിക്കണം.