അജ്മാന്‍: കാന്തലോഹങ്ങള്‍ വിഴുങ്ങിയ രണ്ട് വയസുകാരന്റെ ജീവന്‍ രക്ഷിച്ചു. അഞ്ച് ചെറു കാന്തലോഹങ്ങളാണ് കുട്ടി വിഴുങ്ങിയത്. 48 മണിക്കൂറില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി കുഞ്ഞിന്റെ കുടലില്‍ നിന്ന് കാന്തങ്ങള്‍ പുറത്തെടുത്തു. ഈജിപ്ഷ്യന്‍ ദമ്പതികളായ മുഹമ്മദ് അഷ്റഫ്, അലാ സലാമാ എന്നിവരുടെ മകന്‍ യൂനിസ് അഷ്റഫാണ് ശസ്ത്രക്രിയക്ക് വിധേയനായത്.
കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങിയ ചെറിയ കാന്തങ്ങളാണ് യൂനിസ് വിഴുങ്ങിയത്. വയറുവേദനയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ അണുബാധയാണെന്നാണ് പ്രഥമിക പരിശോധനയില്‍ കരുതിയിരുന്നത്. രണ്ട് ദിവസം നിര്‍ത്താതെ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അജ്മാനിലെ ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. രണ്ട് ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷം യൂനിസിനെ പീഡിയാട്രിക്ക് ഐസിയൂവിലേക്ക് മാറ്റി.
കുടലിന്റെ പല ഭാഗങ്ങളിലായിരുന്ന കാന്തങ്ങള്‍ ചെറുകുടലിനെ പിണച്ചിരുക്കുകയായിരുന്നുവെന്ന് കുഞ്ഞിനെ പരിശോധിച്ച ഡോ. ഹൈദര്‍ പറഞ്ഞു. യുഎഇയിലെ കുട്ടികളുടെ സുരക്ഷക്കായി കാന്തങ്ങളുടെ ലഭ്യത മാര്‍ക്കറ്റുകളിലും ഓണ്‍ലൈനിലും നിരോധിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.