മനാമ: ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ താരമായിരുന്ന ഗിന്നസ് കാർട്ടൂണിസ്റ്റ് ദിലീഫ് തയാറാക്കിയ കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർ’ആൻ ബഹറിനിൽ എത്തുന്നു. ഫെബ്രുവരി 19 മുതൽ 29 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലാണ് ലോക ശ്രദ്ധയാകർഷിച്ച ഖുർആൻ്റെ പ്രദർശനം നടക്കുക.
ലോകത്തിലെ വലിയ ബാഡ്‌മിന്റൺ റാക്കറ്റ് നിർമിച്ചാണ് ദിലീഫ് ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരുന്നത്. ഷാർജയിലും യുകെയിലും ഇസ്‌താംബൂളിലും നടത്തിയ പ്രദർശനങ്ങൾക്ക് ശേഷമാണ് ഖുർആൻ കലിഗ്രഫി ബഹ്റൈനിലുമെത്തുന്നത്. കോഴിക്കോട് മുക്കം നെല്ലിക്കാപ്പറമ്പ് സ്വദേശിയായ ദിലീഫ് 2010ൽ ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് ‘ഞങ്ങൾ ഗാന്ധിജിക്കൊപ്പം’ എന്നപേരിൽ വരച്ച മഹാത്മജിയുടെ കൂറ്റൻ കരിക്കേച്ചർ ലിംക ബുക്ക് ഒഫ് റെക്കാർഡ്സിന് അർഹനായിട്ടുണ്ട്. എഴുത്തുകാരെ കൊലപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് നിർമിച്ച ആറു മീറ്റർ നീളമുള്ള പേന, യുഎഇയിൽ നിർമിച്ച എട്ട് മീറ്റർ നീളവും അഞ്ച് മീറ്റർ ഉയരവുമുള്ള ഓടിക്കാൻ കഴിയുന്ന സൈക്കിൾ തുടങ്ങി നിരവധി വിസ്മയങ്ങൾ നിർമിച്ച് ഇതിനു മുമ്പും ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ന് രാത്രി (17 ഫെബ്രുവരി 2020) ബഹ്‌റൈൻ സമയം 10:55 ന് കൈകൊണ്ടെഴുതിയ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർ’ആൻ M ഗ്രൂപ്പ് 123 Cargo ആണ് ബഹ്‌റൈനിൽ എത്തിക്കുന്നത്.
ഗിന്നസ് റെക്കോർഡ് ജേതാവായ കാർട്ടൂണിസ്റ്റ് എം. ദിലീഫിന്റെ ഈ മഹത്തരമായ സൃഷ്ടി ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ ഉത്തരവാദിത്വത്തോടും യാതൊരുവിധ ചാർജും ഈടാക്കാതെയാണെന്നും M ദിലീഫ് എന്ന ഈ പ്രിയ കലാകാരന്റെ സൃഷ്ടി ജനങ്ങളിലേക്ക് എത്തിക്കുന്നത് നിറഞ്ഞ സ്നേഹത്തോടും അഭിമാനത്തോടും കൂടിയാണെന്നും M Group 123 Cargo ചെയർമാൻ മുനീർ കാവുങ്ങൽ പറമ്പിൽ ബഹ്റൈൻ വാർത്തയോട് പറഞ്ഞു. പുസ്തകമേള തുടങ്ങുന്ന ദിനം മുതൽ അവസാനിക്കുന്ന ദിനം വരെ സന്ദർശകർക്ക് ശ്രദ്ധേയമായ ഈ കയ്യെഴുത്ത് പ്രതി കാണാവുന്നതാണ്.