കെ.പി.എഫ് മലബാര്‍ ഫെസ്റ്റ് 2020; സ്വാഗതസംഘ രൂപീകരണ യോഗം ശനിയാഴ്ച

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) മലബാര്‍ ഫെസ്റ്റ് 2020 സ്വാഗതസംഘ രൂപീകരണ യോഗം ഫെബ്രുവരി 22 ശനിയാഴ്ച രാത്രി 7:30 ന് കെ. സി. എ വെച്ച് ഹാളില്‍ നടക്കും. ഏപ്രില്‍ പതിനേഴിനാണ് കെ.പി.എഫിന്റെ ഒന്നാം വാര്‍ഷിക ആഘോഷമായ മലബാര്‍ ഫെസ്റ്റ് 2020 നടക്കുന്നത്. ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള ഏവരെയും സ്വാഗതസംഘ രൂപീകരണ യോഗത്തിലേക്ക് ക്ഷണിക്കുന്നതായി കെ.പി.എഫ് പ്രസിഡണ്ട് വി. സി. ഗോപാലന്‍, ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായി രൂപം കൊണ്ട കെ.പി. എഫ് ബഹ്റൈനിലും കേരളത്തിലുമായി പ്രളയ ദുരിത്വാശ്വാസം അടക്കം നിരവധി സഹായ – സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ റമദാന്‍, ഓണം സംഘമങ്ങള്‍, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി അംഗങ്ങള്‍ക്കായി ഒത്തുചേരലുകള്‍ കലാ-പരിപാടികള്‍ എന്നിവയും നടത്തി വരുന്നു.

മലബാറിന്റെ കലാ സാംസ്‌കാരിക പ്രൗഢി വിളിച്ചോതുന്ന പരിപാടിയായി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിലൂടെ സമാഹരിക്കുന്ന തുക അശരണര്‍ക്ക് ചികിത്സാ- വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി നീക്കി വെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ക്കായി കെ.പി. എഫ് അംഗങ്ങളെ മുഴുവന്‍ വിളിച്ചു യോഗം ചേര്‍ന്ന് പദ്ധതി തയ്യാറാക്കിട്ടുണ്ട്.