മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സൽമബാദ് – ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സിത്ര നബിസാല വി.ഐ.പി സ്വിമ്മിംഗ് പൂൾ ഹാളിൽ വെച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കത്തീഡ്രലിൽ നിന്ന് യാത്രയാകുന്ന വികാരി റവ. ഫാദർ ജേക്കബ് തോമസിനും കുടുംബത്തിനുമുള്ള യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടന്നു.
മുൻ മാനേജിംഗ് കമ്മിറ്റി അംഗം വിനോദ് ഡാനിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാദർ തോമസ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. സഭയ്ക്കും ഇടവകയ്ക്കും ഫാ. ജേക്കബ് തോമസ് നൽകിയ സേവനങ്ങളെ യോഗം പ്രകീർത്തിച്ചു. പ്രയർ ഗ്രൂപ്പിന്റെ സ്നേഹോപഹാരമായി അദ്ദേഹത്തിന് മെമെന്റോ നൽകി ആദരിച്ചു.
ഇടവക ട്രസ്റ്റി ജോൺ കെ.പി, സെക്രട്ടറി കുരുവിള പാപ്പി, മുൻ മാനേജിംഗ് കമ്മിറ്റി അംഗം സുനിൽ ജോൺ, ഇന്റേണൽ ഓഡിറ്റർ അനോജ് ജേക്കബ് എന്നിവർ ആശംസകൾ നേർന്നു. ഏരിയ കമ്മിറ്റി അംഗം ബിജു കോശി മത്തായി സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ മനോജ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. സംഗമത്തിന്റെ ഭാഗമായി അനിറ്റ ആൻ വിനോദ്, അയോണ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. പ്രയർ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഫാ. ജേക്കബ് തോമസ് മറുപടി പ്രസംഗത്തിൽ നന്ദിയും ആശംസകളും അറിയിച്ചു.









