മുഹ്‌സിന്‍ ചികിത്സാ സഹായം; പൊതു പിരിവ് ഇല്ലെന്ന് ഉറപ്പുവരത്തണമെന്ന് ചികിത്സാ കമ്മിറ്റി

മനാമ: സ്‌പൈനല്‍ സ്‌ട്രോക്ക് സംഭവിച്ച് കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹ്‌സിന് വേണ്ടി നടത്തിയ ചികിത്സാ സഹായ ഫണ്ട് ശേഖരണം 2020 ഫെബ്രുവരി 15ന് അവസാനിപ്പിച്ചതായി ബഹ്റൈന്‍ മുഹ്‌സിന്‍ ചികിത്സാ സഹായ കമ്മിറ്റി. മുഹ്‌സിന്‍ ചികിത്സ സംബന്ധിച്ച് 2020 ഫെബ്രുവരി 15 ന് എല്ലാ പിരിവുകളും അവസാനിപ്പിച്ച് കമ്മിറ്റി പൊതുയോഗം വിളിച്ച് കണക്ക് അവതരിപ്പിച്ചതാണെന്നും, ബഹ്‌റൈനിലോ മറ്റ് ഗള്‍ഫ് നാടുകളിലോ നാട്ടിലോ മറ്റെവിടെയെങ്കിലുമോ മുഹ്‌സിനെ സഹായിക്കുവാനായി യാതൊരു പിരിവും നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ബഹ്റൈന്‍ മുഹ്‌സിന്‍ ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു.

മുഹസ്സിന് വേണ്ടി അകമഴിഞ്ഞ് സഹായിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ബഹ്റൈന്‍ മുഹ്‌സിന്‍ ചികില്‍സാ സഹായ കമ്മിറ്റി നന്ദിയും കടപ്പാടും അറിയിച്ചു. പൊതു സമൂഹത്തിന്റെ ഒത്തൊരുമ, കിംഗ് ഹമദ് ഹോസ്പിറ്റല്‍, ഇന്ത്യന്‍ എംബസ്സി അടക്കമുള്ളവരുടെ പിന്തുണ എന്നിവ കാരണം അസുഖബാധിതനായ മുഹ്സിനെ പെട്ടെന്ന് നാട്ടില്‍ എത്തിക്കുവാനും തുടര്‍ ചികിത്സ നടത്തുവാനും സാധിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗത്തിന്റെ കീഴില്‍ ഏറ്റവും ആധുനികമായ ചികില്‍സയും ഫിസിയോതെറാപ്പിയും മുഹ്സിന് ലഭിച്ചു വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ബഹ്റൈനിലെ മുഹ്‌സിന്‍ ചികിത്സാ കമ്മിറ്റിയെ സഹായിച്ചു കൊണ്ട് നാട്ടില്‍ സാമൂഹിക പ്രവര്‍ത്തകരും മുഹ്‌സിന്റെ കുടുംബവും ഒപ്പമുണ്ട്. രക്തത്തിലെ പ്ലാസ്മ മാറ്റുന്ന ചികിത്സയുടെ ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

മുഹ്‌സിന്‍ ചികിത്സയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്; (+973) 35476523, 35003368, 33750999, +91 94475 13503 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.