ബി കെ എസ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിൻ്റെ പ്രഭാഷണം രാത്രി 8 ന്

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ കാത്തിരുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റ് ഇന്ന് ആരംഭിക്കും. വൈകിട്ട് സമാജത്തിന്റെ വിവിധ വേദികളില്‍ അരങ്ങേറുന്ന കലാ-സാംസ്‌കാരിക പരിപാടികളോടു കൂടിയാണ് പത്തു ദിവസത്തിലേറെ നീണ്ടു നില്‍ക്കുന്ന ‘പുസ്തകോത്സവത്തിന് തുടക്കമാവുക. രാത്രി എട്ട് മണിക്ക് പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദീന്‍ പൊയ്ത്തുംകടവ് നടത്തുന്ന ‘മറുജീവിതം ‘ എന്ന പ്രഭാഷണം നടക്കും.

ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യപ്രശ്‌നോത്തരിയുടെ പ്രാഥമിക -ഫൈനല്‍ മത്സരങ്ങള്‍ യഥാക്രമം 7 മണിക്കും ഒന്‍പത് മണിക്കും അരങ്ങേറും. കുട്ടികള്‍ക്കുള്ള കഥാരചനാ മത്സരത്തിന്റെ സമയം എട്ടു മണി മുതല്‍ ഒന്‍പതു മണി വരെയാണ്. ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ചിത്രശില്പ -കരകൗശല പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും എട്ട് മണിക്ക് നടക്കും.

സീതാറാം യെച്ചൂരി, ജയ്‌റാം രമേശ്, രാജ്ദീപ് സര്‍ദേശായി തുടങ്ങിയ രാഷ്ട്രീയ -സാംസ്‌കാരിക പ്രവര്‍ത്തകരെ കൂടാതെ, സുഭാഷ് ചന്ദ്രന്‍, കെ ആര്‍ മീര, കെ.ജി. ശങ്കരപിള്ള, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, വി ആര്‍ സുധീഷ് തുടങ്ങിയ എഴുത്തുകാരും ഇത്തവണ പുസ്തകമേളയെ ധന്യമാക്കാന്‍ ബഹ്റൈനില്‍ എത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ പ്രസാധകര്‍ നയിക്കുന്ന ‘പുസ്തകം ‘ എന്ന കൂട്ടായ്മയുടെ ബാനറില്‍ പതിനായിരത്തോളം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് ഇത്തവണ വായനക്കാരുടെ മുന്നിലെത്തുന്നത്.

മാതൃഭൂമി, ഒലീവ്,ചിന്ത, തുടങ്ങിയ മുന്‍നിര പ്രസാധകരുടെ ജനപ്രിയ പുസ്തകങ്ങള്‍ സമാജത്തില്‍ ഇതിനകം അണിനിരന്നു കഴിഞ്ഞു. സാഹിത്യം ക്വിസ്, കവര്‍ ഡിസൈന്‍, ചിത്രരചന, കഥ -കവിത രചന തുടങ്ങി അനേകം മത്സരങ്ങളും പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരിക സംഘടനകള്‍ പങ്കെടുക്കുന്ന കാലിഡോസ്‌കോപ്പ്, ദ്വിദിന സാഹിത്യ ശില്പശാല എന്നിവയും വരും ദിവസങ്ങളില്‍ സമാജത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.