മനാമ: സഹജീവി സ്നേഹത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമായി തലയുയർത്തി നിൽക്കുന്ന “തണൽ” ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സംഘടനയാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. തണൽ ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്ന് അവതരിപ്പിച്ച “ചിരിയിലേക്കുള്ള ദൂരം” എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹതാപത്തിനപ്പുറം മറ്റുള്ളവർക്ക് അവകാശപ്പെട്ട ഇടം അനുവദിച്ചു കൊടുക്കുമ്പോഴാണ് നാം സഹജീവികളോട് നീതി പുലർത്തുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തുല്ല്യ നീതി നൽകുമ്പോൾ മാത്രമാണ് മനുഷ്യർ പരസ്പരമുള്ള കടമ നിർവഹിക്കുന്നതെന്നും,വൃദ്ധ സദനങ്ങൾ ഒരുപാടുയരുന്ന ഈ കാലഘട്ടത്തിൽ കുറഞ്ഞത് ഇവിടെ കൂടിയിരിക്കുന്നവരെങ്കിലും തങ്ങളുടെ മാതാപിതാക്കളെ സ്വയം സംരക്ഷിക്കുന്നവരാകണമെന്നും അദ്ദേഹം പ്രത്യാശിച്ചു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി യു,കെ. ബാലൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷം വഹിച്ചു.
തണലുമായി സഹകരിക്കുന്നതിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന് ഏറെ സന്തോഷമുണ്ടെന്നും മറ്റ് സംഘടനകളിൽ നിന്നും വ്യത്യസ്തമായി അവർ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും തങ്ങളാൽ കഴിയുന്ന സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ഉറപ്പ് നൽകി.