മനാമ: 2020-2021 ദ്വിവർഷ കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര, ഏരിയ, യൂണിറ്റ് ഭാരവാഹികൾക്ക് നേതൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ട്രെയിനറും വിദ്യഭ്യാസ പ്രവർത്തകനുമായ എസ്.എം നൗഷാദ് പരിശീലന പരിപാക്ക് നേതൃത്വം നൽകി. ആളുകൾ ആകർഷിക്കും വിധം സംസാരിക്കാനും അറിഞ്ഞു പെരുമാറാനും കഴിയുന്നവരാണ് നേതാക്കൾ. തെൻറ കൂടെയുള്ളവരെ വിശ്വാസത്തിലെടുക്കാനും പോരായ്‌മകൾ പരിഹരിക്കാനും സാധിക്കേണ്ടതുണ്ട്. കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും നല്ലത് ചെയ്താൽ പ്രശംസിക്കുകയും ചെയ്യുന്നത് നല്ല നേതാക്കളുടെ ഗുണങ്ങളാണെന്നും അദ്ദേഹം ഉണർത്തി. അണികളുടെ വൈകാരികമായ പശിമ ഉണ്ടാക്കിയെടുക്കാനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ശ്രമിക്കുന്നവർക്ക് വിജയികളായ നേതാക്കളായി മാറാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഞ്ചിലെ ഫ്രൻറ്സ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി പഠന ക്ലാസ് നടത്തുകയും ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.