ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ ഇന്ന് സുഭാഷ് ചന്ദ്രന്‍ അതിഥിയായെത്തും

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ ഇന്ന് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുബാഷ് ചന്ദ്രന്‍ അതിഥിയായെത്തും. വൈകീട്ട് എട്ട് മണിക്ക് നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക. അനുഭൂതിയുടെ സമുദ്ര സഞ്ചാരങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാവും സുബാഷ് ചന്ദ്രന്റെ പ്രഭാഷണം. ഇതിന് ശേഷം വായനക്കാരുമായി അദ്ദേഹം സംവദിക്കും.

മനുഷ്യന് ഒരു ആമുഖം, സമുദ്രശില തുടങ്ങിയ ശ്രദ്ധനേടിയ നോവലുകളുടെ രചിയിതാവാണ് സുബാഷ് ചന്ദ്രന്‍. 2011ലെ ഓടക്കുഴല്‍ അവാര്‍ഡ്, 2011-ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം 2014, 2015-ലെ വയലാര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ 1972ല്‍ ആണ് സുഭാഷ് ചന്ദ്രന്‍ ജനിച്ചത്. എറണാകുളം സെന്റ് ആര്‍ബര്‍ട്സ്, മഹാരാജാസ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ബഹ്‌റൈനിലെ മലയാളി സമൂഹത്തില്‍ വലിയ പിന്തുണയാണ് കേരളീയ സമാജം പുസ്തകോത്സവത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ജനപങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഇന്നലെ പുസ്തകോത്സവ വേദിയിലെത്തിരുന്നു. ഏറെ വൈകിയും നീണ്ടു നിന്ന ചർച്ചയിൽ പങ്കെടുക്കാൻ നിരവധി പേരാണ് പുസ്തകോത്സവ വേദിയിലെത്തിച്ചേർന്നത്.