മനാമ: മറൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ശക്തമായ നീക്കവുമായി ബഹ്‌റൈന്‍ തീരദേശ സേന. നിയമവിരുദ്ധമായ മീന്‍പിടുത്തം, സംരക്ഷിത മേഖലയിലൂടെയുള്ള ബോട്ട് സഞ്ചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സേനയുടെ പുതിയ നീക്കം. ശാസ്ത്രീയമായ രീതിയില്‍ കുറ്റവാളികളെ കണ്ടെത്തുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോസ്റ്റാഗാര്‍ഡിന്റെ നീക്കം.
കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ആലാ സിയാദിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മറൈന്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനാണ് തീരുമാനം. അനധികൃത മത്സ്യബന്ധനം നടത്തുന്ന വിദേശികളെ നാടുകടത്തുന്നത് അടക്കമുള്ള നിയമ പരിഷ്‌കാരങ്ങളാവും നടപ്പിലാക്കുക.
അനധികൃത മത്സ്യബന്ധനം പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധമാറ്റി വലിയ തോതിലുള്ള മയക്കുമരുന്ന് കടല്‍ മാര്‍ഗം രാജ്യത്തേക്ക് എത്തിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ആലാ സിയാദി വ്യക്തമാക്കി. നിയമങ്ങള്‍ ശക്തമാകുന്നതോടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.