മനാമ: ഇറാനില്‍ നിന്നെത്തിയ ആറ് പേരില്‍ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. ഇതോടെ ബഹ്‌റൈനില്‍ ആകെ എട്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികള്‍ ആരും തന്നെ ബഹ്‌റൈന്‍ പൗരന്മാരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികളെ എല്ലാവരെയും പ്രത്യേകം വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ഇന്ന് മുതല്‍ അടുത്ത 48 മണിക്കൂര്‍ വരെ ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള ആറ് പേര്‍ നിരോധനം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പ് രാജ്യത്ത് എത്തിയവരാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. വൈറസ് പടരാതിരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയിലാണ് പുതിയ യാത്രാ നിയന്ത്രണം.
ആദ്യമായി രോഗബാധയുണ്ടെന്ന് കണ്ടെത്തിയ സ്വദേശി പൗരനെ ചികിൽസക്കായി ഇബ്രാഹിം ഖലീൽ കാനൂ കമ്യൂണിറ്റി മെഡിക്കൽ സെൻററിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഈ മാസം 21നാണ് ഇദ്ദേഹം ഇറാനിൽ നിന്ന് ദുബൈ വഴി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ കൂടെ യാത്രയിലുണ്ടായിരുന്ന എല്ലാവരോടും പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സ്കൂൾ ബസ് ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ ദിവസം രണ്ട് സ്കൂളുകളിലും ഒരു കിൻറർഗാർട്ടനിലും കുട്ടികളെ എത്തിച്ചിരുന്നു. ഇബ്ൻ അൽ നഫീസ് പ്രൈമറി സ്കൂൾ ഫോർ ബോയ്സ്, സിത്ര പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നീ സ്കൂളുകളിലും അൽ ഖമർ കിൻഡർഗാർട്ടനിലുമാണ് ഇയാൾ കുട്ടികളെ എത്തിച്ചത്. സ്കൂൾ ബസിൽ സഞ്ചരിച്ച മുഴുവൻ കുട്ടികളെയും ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കി. മുൻകരുതൽ എന്ന നിലയിൽ ഈ സ്കൂളുകളും കിൻറർഗാർട്ടനും രണ്ടാഴ്ചത്തേക്ക് അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.
വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായും ഇവരെല്ലാം 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് വൈദ്യ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.