മനാമ: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ്. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള ഈ ടാസ്‌ക് ഫോഴ്‌സാണ് കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കളുടെ ആവശ്യമില്ലെന്നും ടാസ്‌ക് ഫോഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഘട്ടത്തില്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും ഡോ. മനാഫ് അല്‍ ഖ്വത്‌നി വ്യക്തമാക്കി.
ഇതുവരെ രാജ്യത്ത് 23 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. എല്ലാവരും പ്രത്യേകം തയ്യാറാക്കിയ വാര്‍ഡുകളില്‍ ചികിത്സ തേടുകയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയമുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. ബഹ്‌റൈനിലെത്തിയതിന് ശേഷം ആര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്നും ഡോ. മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ ഇറാനില്‍ നിന്ന് എത്തിയവര്‍ക്ക് മാത്രമാണ് കൊറോണ ബാധിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച റൂമുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധയുണ്ടായിരിക്കും. വൈറസ് ബാധിച്ചവര്‍ക്കുള്ള ചികിത്സ ഇബ്രാഹീം ഖലീല്‍ കാനോ ആശുപത്രിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.