മൂന്നാം റൗണ്ടിൽ അഭിനയ മികവിന്റെ പെൺപെരുമ തീർത്ത് ‘സെർക്കാസിസ് അംഗന ശ്രീ 2019’; ഒന്നിനൊന്ന് മികച്ച പ്രകടനവുമായി 14 പെൺ കരുത്തുകൾ

മനാമ: സിനിമാ ആസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പ്രശസ്ത കഥാപാത്രങ്ങളുടെ ഭാവ ചലനങ്ങളും വേഷാലങ്കാരങ്ങളുമായി ‘സെർക്കാസിസ് അംഗന ശ്രീ’ മത്സരാർത്ഥികൾ അരങ്ങിലെത്തിയത് പ്രേക്ഷകർക്ക് നവ്യാനുഭവമായി.

സമാജം വനിതാ വേദി ,ബഹ്റൈനിലെ വിവാഹിതരായ വനിതകൾക്കു വേണ്ടി നടത്തുന്ന ‘അംഗന ശ്രീ’ യുടെ ഒൻപത് റൗണ്ടുകളുള്ള ഫൈനൽ മത്സരങ്ങളുടെ മൂന്നാം മത്സരമായ മിറർ ആക്ടിലാണ് വേഷപ്പകർച്ചയുമായി വനിതകൾ സദസ്സിനെ അത്ഭുതപ്പെടുത്തിയത്.

ചലച്ചിത്ര രംഗങ്ങളുടെ പശ്ചാത്തലത്തിൽ ഏകാഭിനയത്തിന്റെ പെൺ പെരുമയ്ക്കാണ് സമാജം വേദി സാക്ഷ്യം വഹിച്ചത്. വീട്ടമ്മമാരായ പതിനാല് വനിതകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ പലരും ആദ്യമായാണ് ഇത്തരമൊരു മത്സരവേദിയിലെത്തുന്നത് എന്നതാണ് ശ്രദ്ധേയം.


പൊതു വിജ്ഞാനം, മോണോ ആക്ട്, ഭാരതീയ പരമ്പരാഗത വസ്ത്രാലങ്കാരം, മുഖാമുഖം തുടങ്ങിയ മത്സരങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ നടക്കുവാനുള്ളത്.

മത്സരാർത്ഥികളാടൊപ്പം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാൻ കഴിയുന്ന ഫാമിലി റൗണ്ടും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.ഫെബ്രുവരി മൂന്നിനാണ് പ്രസ്തുത മത്സരം. മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമ്മാന വിതരണവും അടുത്ത മാസം 7 ന് നടക്കും.