ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം: ആകെ കേസുകൾ 33 ആയി

മനാമ: ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം 33 ആയി. പുതിയതായി വൈറസ് ബാധയേറ്റവരും ഇറാനിൽ നിന്നും ബഹ്‌റൈനിലെത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

വൈറസ് ബാധയേറ്റ എല്ലാവരേയും ഇബ്രാഹിം ഖലിൽ കാനൂ കമ്മൂണിറ്റി മെഡിക്കൽ സെൻ്ററിൽ ഐസൊലേഷനും ചികിൽസക്കുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ രോഗികളുമായി സമ്പർക്കം പുലർത്തിയവരേയും കൂടുതൽ പരിശോധനകൾക്കും മറ്റുമായി വേർതിരിച്ചിരിക്കുകയാണ്.

പുതുതായി രേഖപ്പെടുത്തിയ കേസുകളിലൊന്ന് രാജ്യത്ത് പകർച്ചവ്യാധി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയ ബഹ്‌റൈൻ പൗരനാണെന്നും മന്ത്രാലയം പറഞ്ഞു. കൊറോണ COVID-19 ലക്ഷണങ്ങൾ കണ്ട് സ്വയമേവ 444 എന്ന നമ്പറിൽ ബന്ധപ്പെട്ട പൗരനെ ഉടൻ തന്നെ ചികിത്സയ്ക്കായി ഐസൊലേഷൻ റൂമിലേക്ക് മാറ്റുകയായിരുന്നു.

സംശയം തോന്നുന്നവരെ എല്ലാവരെയും പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സംശയിക്കുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതുവരെ ബഹ്‌റൈനില്‍ നിന്ന് രോഗം പടര്‍ന്നതായിട്ടുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയർപോർട്ടിലെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരും. ഷാര്‍ജാ, ദുബായ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ 48 മണിക്കൂര്‍ കൂടി നേരത്തേക്ക് വീണ്ടും നിര്‍ത്തിവെച്ചിട്ടുണ്ട്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം തയ്യാറാണെന്നും ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാവുന്നെന്ന് തോന്നുന്നവർ 444 ലേക്ക് ബന്ധപ്പെട്ട് പരിശോധനകൾക്ക് വിധേയമാകണമെന്നും അധികൃതർ അഭ്യർഥിച്ചു.