ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമം അവസാനിപ്പിക്കണം: കെ.എം.സി.സി ബഹ്‌റൈൻ

മനാമ: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സംഘ്പരിവാര്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബുറഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവര്‍ ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തുന്നവര്‍ക്കെതിരേയാണ് യാതൊരു പ്രകോപനവുമില്ലാതെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നത്. ഇതിനെതിരേ പൊലിസ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മുന്നില്‍ നടക്കുന്ന അക്രമത്തിനെതിരേ പൊലിസ് നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ഇത് ആസൂത്രിത കലാപമാണെന്നതിന് തെളിവാണ്.
കലാപം നിയന്ത്രിക്കാന്‍ ദ്രുതകര്‍മ സേനയെ രംഗത്തിറക്കിയെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും അക്രമം മറ്റിടങ്ങളില്‍ വ്യാപിക്കുകയാണ്. ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് പേരും മതവും ചോദിച്ചാണ് അക്രമം നടത്തുന്നത്. ഇതിന് സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ സഹായവും ലഭ്യമാക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. നിരവധി വീടുകളും ആരാധാനലയങ്ങളുമാണ് തീവച്ച് നശിപ്പിച്ചത്. പത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടും കേന്ദ്രത്തിനോ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനോ യാതൊരു കുലുക്കവുമില്ല.

ട്രംപിന്റെ സന്ദര്‍ശനവേളയില്‍ മാധ്യമങ്ങളുടെ ശ്രദ്ധതിരിച്ച് നടത്തിയ അക്രമം സംഘ്പരിവാര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ്. കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി എം.പിക്കെതിരേ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല. സംഭവത്തില്‍ നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.