ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയില്‍ കഴിയുന്ന ചൈനയിലെ വുഹാനിലേക്ക് പറന്ന ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം തിരിച്ചെത്തി. ചൈനയ്ക്കുള്ള സഹായവുമായി ഇന്നലെ പുറപ്പെട്ട വിമാനം 112 പേരടങ്ങുന്ന സംഘവുമായിട്ടാണ് തിരികെയെത്തിയത്. നേരത്തെ വിമാനം വൈകിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യക്കാര്‍ക്ക് പുറമെ ഏഴ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ചൈനയില്‍ നിന്ന് വ്യോമസേന ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍, മ്യാന്മാര്‍, മാലിദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് തിരിച്ചെത്തിയവരില്‍ അധികവും. ഇന്ത്യയില്‍ പ്രവാസി പൗരത്വവുമുള്ള ചൈനീസ് പൗരന്മാരും സംഘത്തിലുണ്ട്.
14 ദിവസത്തെ പ്രത്യേക നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് മറ്റിടങ്ങളിലേക്ക് പോകാനാകൂ. മരുന്നും ഉപകരണങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളുമായാണ് കഴിഞ്ഞ ദിവസം വ്യോമസേനയുടെ സി-17 വുഹാനിലേക്ക് പറന്നുയര്‍ന്നത്. ചൈനയെ അടിയന്തരഘട്ടങ്ങളില്‍ സഹായിക്കുമെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.