രാജ്യത്തിന്റെ എതിരാളി കൊറോണ വൈറസാണ്, രോഗബാധിതരല്ല, ഒന്നിച്ച് നിന്ന് ചെറുത്ത് തോല്‍പ്പിക്കാം; ബഹ്‌റൈന്‍ കിരീടവകാശി

മനാമ: കൊറോണ വൈറസ് (കോവിഡ്-19) പടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒന്നിച്ചുനില്‍ക്കണമെന്ന സന്ദേശവുമായി ബഹ്‌റൈന്‍ കിരീടവകാശി ഹിസ് ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന എല്ലാ സജ്ജീകരണങ്ങളും നാം എടുത്തു കഴിഞ്ഞിട്ടുണ്ട്. രാജ്യം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറെണന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. നമ്മുടെ ശത്രു കൊറോണാ വൈറസാണ്, അല്ലാതെ വൈറസ് ശരീരത്തില്‍ വഹിക്കുന്നവരല്ല. രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ആരോഗ്യത്തോടെ നിലനില്‍ക്കുകയെന്നതാണ് ഇപ്പോള്‍ നാം മുന്‍ഗണന നല്‍കേണ്ട വിഷയം. അതിനാല്‍ എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ്-19 നെ ചെറുത്ത് തോല്‍പ്പിക്കാമെന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

നേരത്തെ ഇറാനില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഒരു സൗദി വനിതയ്ക്കും ഒരു ബഹ്‌റൈനി യുവതിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 38 ആയി ഉയര്‍ന്നു.

പുതിയ രോഗികളെ പ്രത്യേകം സജ്ജീകരിച്ച ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ രോഗബാധയേറ്റ 32 പേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.