കൊറോണ വൈറസ് പരിശോധനയ്ക്ക് മൊബൈല്‍ യൂണിറ്റുകള്‍; പ്രതിരോധ പരിപാടികള്‍ കാര്യക്ഷമമാക്കി ബഹ്‌റൈന്‍

മാനമ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ശക്തമാക്കി ബഹ്‌റൈന്‍. വൈറസ് പരിശോധനയ്ക്കായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇറാനില്‍ നിന്ന് ഫെബ്രുവരിയില്‍ ബാഹ്‌റൈനിലെത്തിയവരെ മൊബൈല്‍ യൂണിറ്റുകള്‍ മുഖാന്തരം പരിശോധിക്കാനാണ് പദ്ധതി. ആരോഗ്യമന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.

കൊറോണ പടര്‍ന്നതിന് മുന്‍പ് 2292 പേരാണ് ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയത്. ഔദ്യോഗികമായി ഇവരെ ആരോഗ്യവകുപ്പ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ 310 പേര്‍ മന്ത്രാലയത്തിന്റെ ഫോണ്‍കോളിന് മറുപടി നല്‍കിയതായും അധികൃതര്‍ വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയവര്‍ ഉടന്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇറാനില്‍ നിന്ന് വന്ന സ്വദേശി പൗരന്മാര്‍ക്കാണ് രോഗബാധ. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ആയി. ചികിത്സയിലുള്ള 32 ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.