പ്രത്യേക നിരീക്ഷണത്തിലുണ്ടായിരുന്ന പന്ത്രണ്ട് പേര്‍ക്ക് കൊറോണയില്ല; വീടുകളിലേക്ക് തിരികെ പോകാന്‍ അനുമതി

മനാമ: ബഹ്‌റൈനില്‍ പ്രത്യേക നിരീക്ഷണത്തിലുണ്ടായിരുന്ന പന്ത്രണ്ട് പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇവര്‍ വൈറസ് പരിശോധനയ്ക്ക് വിധേയരായത്. പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേക്ക് തിരികെ പോകാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൂടുതൽ വായിക്കാം: ബഹ്റൈനിൽ രണ്ട് പേർക്ക് കൂടി കോവിഡ് -19 രോഗ ബാധ സ്ഥിരീകരിച്ചു: വൈറസ് ബാധിതരുടെ എണ്ണം 49 ആയി

ഇറാനില്‍ നിന്ന് തിരികെയെത്തിയ 10 ബഹ്‌റൈനി പൗരന്മാരും ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ഒരു ബഹ്‌റൈനി പൗരനും ഒരു ചൈനീസ് പൗരനുമാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച് സെപ്ഷ്യലൈസ്ഡ് മെഡിക്കല്‍ സംഘമാണ് ഇവരെ നിരീക്ഷിച്ചിരുന്നത്. ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കാം: വെട്ടുകിളികള്‍ ഈ ആഴ്ച്ച ബഹ്‌റൈനിലെത്തും; കര്‍ഷകര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൊറോണ പരിശോധനയ്ക്ക് വിധേയമാവുകയും രോഗം സ്ഥിരീകരിക്കാതിരിക്കുകയും ചെയ്തിരിക്കുന്ന എല്ലാവര്‍ക്കും വൈറസുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. 14 ദിവസം വീടിനുള്ളില്‍ തന്നെ കഴിയാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍ദേശം ലഭിച്ചവര്‍ക്ക് 14 ദിവസം ശമ്പളത്തോടു കൂടി ലീവ് അനുവദിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.