മനാമ: കോവിഡ്-19 വൈറസി(കൊറോണ വൈറസ്)നെതിരായ പോരാട്ടത്തില്‍ സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് ബഹ്‌റൈന്‍. സൗദി ഭരണാധികാരി കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍-സൗദിനെ ഫോണിലൂടെ ബന്ധപ്പെട്ട ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കി. ബഹ്‌റൈനിന്റെ നിറഞ്ഞ പിന്തുണയ്ക്ക് നന്ദിയറിക്കുന്നതായി സൗദി വ്യക്തമാക്കി.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ അതീവ ജാഗ്രതയിലാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്നത് തടയാന്‍ ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് നേരത്തെ സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.
വലിയ തോതില്‍ കോവിഡ്-19 പടര്‍ന്ന അഞ്ച് രാജ്യങ്ങളിലേക്ക് സൗദി വിമാനക്കമ്പനികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ സന്ദര്‍ശന വിസക്കാര്‍ക്ക് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ അയവു വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.