ലോകം ഒന്നടങ്കം കൊറോണവൈറസ് ബാധക്കെതിരെയുള്ള പോരാട്ടം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എഴുപത്തിയഞ്ചോളം രാജ്യങ്ങളിൽ കൂടി കൊറോണവൈറസ് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വൻ ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ചൈനയിലെ ജനങ്ങളെല്ലാം വീടിന് പുറത്തിറങ്ങുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ആഴ്ചകളായി മിക്ക ചൈനക്കാരും വീടുകളിൽ തന്നെയാണ്. കൊറോണ വൈറസ് പകർച്ചവ്യാധി ഭയന്ന് ദശലക്ഷക്കണക്കിന് ചൈനക്കാർ വീടിനകത്ത് കുടുങ്ങിക്കിടപ്പോൾ കോടികളുടെ നേട്ടമുണ്ടാക്കിയത് മൊബൈൽ ഗെയിം നിർമാണ കമ്പനികളാണ്.
ഫെബ്രുവരിയിൽ ആഗോള മൊബൈൽ ഗെയിം ഡൗൺലോഡുകൾ 39 ശതമാനം ഉയർന്നുവെന്ന് ആപ്പ് അനലിറ്റിക്സ് കമ്പനിയായ സെൻസർ ടവറിൽ നിന്നുള്ള ഡേറ്റ കാണിക്കുന്നു. ഇതിൽ ചൈനയാണ് മുന്നിൽ ചൈനയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഗെയിം ഡൗൺലോഡുകളിൽ മാത്രം 62 ശതമാനം വർധനയുണ്ടായി.മൊബൈൽ ആപ്ലിക്കേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ ആപ് ആനിയിൽ നിന്നുള്ള ഡേറ്റ പ്രകാരം ‘ബ്രെയിൻ ഔട്ട്’, ടെൻസെന്റിന്റെ ഓൺലൈൻ വാർ ഗെയിം ‘ഹോണർ ഓഫ് കിംഗ്സ്’ എന്നിവയാണ് ചൈനയിൽ ഏറ്റവുമധികം ഡൗൺലോഡു ചെയ്‌ത ഗെയിമുകൾ.ഫെബ്രുവരിയിലെ ആദ്യ മൂന്ന് ആഴ്ചകളിൽ ചൈനയിലെ പ്രതിവാര ഗെയിം ഡൗൺലോഡുകൾ 80 ശതമാനം ഉയർന്നു. 2019 ലെ മുഴുവൻ പ്രതിവാര ഡൗൺലോഡുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഏറെ മുന്നിലാണ്.